ഷാര്‍ജയില്‍ വാഹനാപകടത്തിൽ മരിച്ച പാക് സ്വദേശിയുടെ കുടുംബത്തിന് 1 ലക്ഷം ദിർഹം ദിയാദനം ലഭിച്ചു
ഷാര്‍ജയില്‍ വാഹനാപകടത്തിൽ മരിച്ച പാക് സ്വദേശിയുടെ കുടുംബത്തിന് 1 ലക്ഷം ദിർഹം ദിയാദനം ലഭിച്ചു


ഷാർജ : ഷാർജയിലെ സനാഇയ്യ 2-ൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പാകിസ്ഥാൻ സ്വദേശി മുഹമ്മദ് അയാസ് ഖാൻ്റെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം (ഏകദേശം 76.7 ലക്ഷം പാകിസ്താന്‍ രൂപ) ബ്ലഡ് മണി ലഭിച്ചു.
2024 ഡിസംബർ 21-നാണ് അപകടം നടന്നത്. ഒരു മിത്സുബിഷി കാറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. സൈക്കിൾ യാത്രികനായ മുഹമ്മദ് അയാസ് ഖാൻ സഞ്ചരിച്ചിരുന്ന ദിശയിലേക്ക്, റോഡിന്റെ നടുവിലെ ട്രാക്കിൽ നിന്ന് വലത് ട്രാക്കിലേക്ക് പെട്ടെന്ന് ദിശ മാറിയ കാർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 17 മീറ്റർ ദൂരത്തേക്ക് തെറിച്ചുപോയ അയാസ് റോഡിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ചെന്നിടിച്ച് തൽക്ഷണം മരിച്ചു.
സംഭവം അന്വേഷിച്ച പോലീസ് പാകിസ്താന്‍ സ്വദേശിയായ ഡ്രൈവർ ശ്രദ്ധയില്ലാതെയും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് കോടതി ഡ്രൈവറെ കുറ്റക്കാരനാണെന്ന് വിധിച്ചു. 1000 ദിർഹം പിഴയും ഒരു ലക്ഷം ദിർഹം ബ്ലഡ് മണിയും നൽകാനും, കൂടാതെ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി രണ്ട് മാസത്തേക്ക് തുടർച്ചയായി നോമ്പെടുക്കാനും കോടതി വിധിച്ചു.
അയാസിന്റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെയാണ് ഈ ദുരന്തം ദുരിതത്തിലാഴ്ത്തിയത്. ബ്ലഡ് മണി ലഭിക്കാൻ അയാസിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ലീഗൽ ഹയേഴ്‌സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സമർപ്പിച്ച് അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഒരു ലക്ഷം ദിർഹം ലഭ്യമാക്കി.
ഈ തുക കുടുംബത്തിന്റെ നഷ്ടത്തിന് മതിയായതല്ലെന്ന് വിലയിരുത്തിക്കൊണ്ട് യാബ് ലീഗൽ സർവീസസ് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇൻഷുറൻസ് അതോറിറ്റിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിലവിൽ ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.