ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സിറിയൻ പൗരന് 1 ലക്ഷം ദിർഹംസ് നഷ്ടപരിഹാരം

ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സിറിയൻ പൗരന് 1 ലക്ഷം ദിർഹംസ് നഷ്ടപരിഹാരം

11/15/2025

ഷാർജ: 2024 ഒക്ടോബർ 26-ന് ഷാർജയിലെ ഇൻഡസ്ട്രിയൽ 3-ൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ സിറിയൻ പൗരൻ മുസ്തഫ മുഹമ്മദ് നബീഹ് ഇഹാസിനോയ്ക്ക് (Mustafa Mohamed Nabih Ehasino), ഒരു ലക്ഷം ദിർഹം (ഏകദേശം 30 കോടി സിറിയൻ പൗണ്ട്) നഷ്ടപരിഹാരം ലഭിച്ചു.

സംഭവദിവസം, ഷാർജയിലെ ഇൻഡസ്ട്രിയൽ 3-ലെ മണൽ പ്രദേശത്ത് വെച്ച് ഇറാഖി സ്വദേശി അശ്രദ്ധമായി ഓടിച്ച വാഹനം നടന്നുപോവുകയായിരുന്ന മുസ്തഫയെ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ നാഷണൽ ആംബുലൻസിൽ കുവൈത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ കാലിന് സാരമായ പരിക്കേറ്റിരുന്നു.

പോലീസ് അന്വേഷണത്തെ തുടർന്ന് ഇറാഖി സ്വദേശിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും, 5,000 ദിർഹം പിഴയടക്കാനും 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കോടതി വിധിക്കുകയും ചെയ്തിരുന്നു.

അപകടത്തിൽ പരിക്കേറ്റ മുസ്തഫയുടെ ബന്ധുക്കൾ നഷ്ടപരിഹാരം ലഭിക്കുന്നതിനായി യാബ് ലീഗൽ സർവീസസ് (yab legal services) സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും കേസ് ഏൽപിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, മുസ്തഫയുടെ പരിക്കിന്റെ ആഴം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് ജഡ്ജ്‌മെൻ്റ് എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും സഹിതം കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. എതിർകക്ഷിയായി അപകടത്തിന് കാരണമായ വാഹനത്തിൻ്റെ ഇൻഷൂറൻസ് കമ്പനിയെയാണ് കേസിൽ ചേർത്തത്.

വാദങ്ങൾ പരിഗണിച്ച കോടതി, മുസ്തഫയുടെ നഷ്ടപരിഹാര ആവശ്യം അംഗീകരിച്ചു.

കോടതി വിധി

കേസ് പരിഗണിച്ച കോടതി, അപകടത്തിന് കാരണമായ വാഹനത്തിൻ്റെ ഇൻഷൂറൻസ് കമ്പനി മുസ്തഫയ്ക്ക് ഒരു ലക്ഷം ദിർഹംസ് നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചു.

കൂടാതെ, വിധി വന്നതു മുതൽ പൂർണമായി അടച്ചുതീർക്കുന്നതു വരെ 5% പലിശ നൽകാനും കോടതി ഉത്തരവിട്ടു.