അബുദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ നേപ്പാളി പൗരന് യാബ് ലീഗൽ സർവീസസ് ഇടപെടൽ വഴി 100,000 ദിർഹം നഷ്ടപരിഹാരം ലഭിച്ചു.

Blog post descriptionഅബൂദാബിയില്‍ വെച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ നേപ്പാള്‍ സ്വദേശിക്ക് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ ഒരു ലക്ഷം ദിര്‍ഹംസ് (37 ലക്ഷം നേപ്പാളി റൂപി) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി.

7/7/2025

അബൂദാബി: 2023 മെയ് 17 ന് അബൂദാബിയിലെ മുസഫ ഇന്റസ്ട്രിയല്‍ M37 ഏരിയയില്‍ വെച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന നേപ്പാള്‍ സ്വദേശി ചുത്ര ബഹദൂര്‍ സര്‍കിക്ക് (Chutra Bahadur Sarki) വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തില്‍ ഒരു ലക്ഷം ദിര്‍ഹംസ് (37 ലക്ഷം നേപ്പാളി റൂപി) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി. യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെയാണ് ഈ വിധി.

പാകിസ്താനി സ്വദേശി ഓടിച്ച വാഹനമാണ് ചുത്ര ബഹദൂര്‍ സര്‍കിയെ ഇടിച്ചത്. അപകടം നടന്ന ഉടനെ അദ്ദേഹത്തെ ശൈഖ് ശഖ്ബൂത് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി ചികിത്സ നല്‍കി. പാകിസ്താനി ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് അപകടത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും 3000 ദിര്‍ഹം ഫൈന്‍ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ നെഞ്ചിനും നട്ടെല്ലിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്ക് പറ്റിയ ചുത്രയ്ക്ക് നഷ്ടപരിഹാരമായി യാതൊന്നും ലഭിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. അദ്ദേഹം കേസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റോര്‍ണി, ക്രിമിനല്‍ കേസ് ജഡ്ജ്‌മെന്റ് തുടങ്ങി ആവശ്യമായ രേഖകള്‍ സഹിതം ഇന്‍ഷൂറന്‍സ് അതോറിറ്റിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹംസ് (37 ലക്ഷം നേപ്പാളി റൂപീസ്) നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.