മോട്ടോർ സൈക്കിൾ അപകടം: പാകിസ്താൻ സ്വദേശിക്ക് 1.1 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

മോട്ടോർ സൈക്കിൾ അപകടം: പാകിസ്താൻ സ്വദേശിക്ക് 1.1 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

7/20/2025

അബൂദാബി: അബൂദാബിയിലെ മുസഫയിൽ മോട്ടോർ സൈക്കിൾ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാകിസ്താൻ സ്വദേശി ഇൻതിസാർ ഹുസൈൻ ഇഫ്തികാറിന് 1.1 ലക്ഷം ദിർഹം (ഏകദേശം 85.3 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലിലൂടെയാണ് ഈ വിധി.

2024 ഫെബ്രുവരി 5-നാണ് അപകടം നടന്നത്. മുസഫയിലെ അൽ സനാഇയ്യ സ്റ്റീൽ ഫാക്ടറിക്ക് സമീപം മോട്ടോർ സൈക്കിൾ ഓടിച്ചുപോവുകയായിരുന്ന ഇൻതിസാർ ഹുസൈൻ ഇഫ്തികാർ ശ്രദ്ധ തെറ്റിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റൗണ്ട് എബൗട്ടിൽ ഇടിക്കുകയും വാഹനം മറിയുകയും ആയിരുന്നു. അപകടത്തിൽ ഇൻതിസാറിന്റെ തലക്കും കഴുത്തിനും കൈയ്ക്കും ഉൾപ്പെടെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ മുസഫയിലെ അൽ അഹല്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പോലീസ് അന്വേഷണത്തിൽ, പൊതുറോഡിൽ ആവശ്യമായ ശ്രദ്ധയും സൂക്ഷ്മതയുമില്ലാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന്, ഇൻതിസാർ ഹുസൈൻ ഇഫ്തികാറിന് 3000 ദിർഹം പിഴ ചുമത്തി ക്രിമിനൽ കേസെടുത്തിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇൻതിസാറിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി, യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി കേസ് ഏറ്റെടുക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. അപകട റിപ്പോർട്ട്, ക്രിമിനൽ കേസ് വിധി, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, പേയ്മെൻ്റ് രസീതുകൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സഹിതം ഇൻതിസാറിൻ്റെ വാഹനത്തിൻ്റെ ഇൻഷുറൻസ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

കേസ് പരിഗണിച്ച കോടതി ഇൻതിസാർ ഹുസൈൻ ഇഫ്തികാറിന് 1.1 ലക്ഷം ദിർഹം നഷ്ടപരിഹാരമായും 3850 ദിർഹം മെഡിക്കൽ ചെലവായും ഇൻഷുറൻസ് കമ്പനി നൽകണമെന്ന് ഉത്തരവിട്ടു.