ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 11 ലക്ഷം രൂപ നഷ്ടപരിഹാരം
ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 11 ലക്ഷം രൂപ നഷ്ടപരിഹാരം


ഷാർജ: ഷാർജ അബൂഷഗാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി മുഹമ്മദ് അഹ്‌മദ് മുജാഹിദ് ജാവേദിന് 15,000 ദിർഹം (ഏകദേശം 11 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
2024 ഓഗസ്റ്റ് 20-ന് ഷാർജ അബൂഷഗാറയിലെ 'ഡേ ടു ഡേ' ഷോപ്പിന് സമീപമായിരുന്നു അപകടം. റോഡ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെ അശ്രദ്ധമായി വാഹനമോടിച്ചെത്തിയ ഒരു ഇന്ത്യക്കാരന്റെ കാർ അഹ്‌മദ് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സൈക്കിൾ തകരുകയും അഹ്‌മദിന്റെ കൈക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹത്തെ ഉടൻ തന്നെ കുവൈത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെയുള്ള ക്രിമിനൽ കേസിൽ കോടതി 1000 ദിർഹം പിഴ ചുമത്തിയിരുന്നു. തുടർന്ന് നഷ്ടപരിഹാരത്തിനായി അഹ്‌മദിന്റെ ബന്ധുക്കൾ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. മെഡിക്കൽ റിപ്പോർട്ടുകളും ക്രിമിനൽ കോടതി വിധിയും ഉൾപ്പെടെയുള്ള കൃത്യമായ രേഖകൾ സഹിതം ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തു.
കേസിലെ വാദമുഖങ്ങൾ വിശദമായി പരിശോധിച്ച ഇൻഷുറൻസ് തർക്ക പരിഹാര കോടതി, പരാതിക്കാരന് 15,000 ദിർഹം നഷ്ടപരിഹാരമായും ചികിത്സാ ചെലവുകൾക്കായി 4,100 ദിർഹവും നൽകാൻ ഉത്തരവിട്ടു. കൂടാതെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നതുവരെ അഞ്ച് ശതമാനം പലിശയും ഇൻഷുറൻസ് കമ്പനി നൽകേണ്ടതുണ്ട്. എന്നാൽ ഈ തുക അധികമാണെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനിയുടെ വക്കീൽ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും, യാബ് ലീഗൽ സർവീസസ് സമർപ്പിച്ച കൃത്യമായ മറുപടി മെമ്മോറാണ്ടം പരിഗണിച്ച കോടതി കമ്പനിയുടെ അപ്പീൽ തള്ളുകയും മുൻവിധി ശരിവെക്കുകയുമായിരുന്നു.
