ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ പൗരന് 1.10 ലക്ഷം ദിർഹം നഷ്ടപരിഹാരം
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ പൗരന് 1.10 ലക്ഷം ദിർഹം നഷ്ടപരിഹാരം


ദുബായ്: അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാൻ സ്വദേശി ഇഹ്‌സാനുള്ള ഫസൽ കരീമിന് 1,10,000 യു.എ.ഇ ദിർഹം (ഏകദേശം 83 ലക്ഷം പാകിസ്ഥാൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.
2024 ജൂലൈ 7-നാണ് അപകടം സംഭവിച്ചത്. ദുബായ് അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3-ലൂടെ മോട്ടോർ സൈക്കിളിൽ ഡെലിവറി ജോലിക്കായി പോവുകയായിരുന്നു ഇഹ്‌സാനുള്ള. ഈ സമയം ഒരു ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു (BMW) കാർ അശ്രദ്ധമായി പെട്ടെന്ന് വെട്ടിച്ചതിനെത്തുടർന്ന് ഇഹ്‌സാനുള്ളയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും സമീപത്തുണ്ടായിരുന്ന ദുബായ് ടാക്‌സിയിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിന് കാരണക്കാരനായ ഈജിപ്ഷ്യൻ ഡ്രൈവർക്ക് ക്രിമിനൽ കോടതി 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.
അപകടത്തിൽ ഇഹ്‌സാനുള്ളയുടെ നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിന് ശസ്ത്രക്രിയയും ലോഹദണ്ഡുകൾ ഘടിപ്പിക്കേണ്ടതായും വന്നു. ദുബായിലെ മെഡിയോർ (Medeor) ഹോസ്പിറ്റലിൽ ദീർഘകാലം അദ്ദേഹം ചികിത്സയിലായിരുന്നു.
സാമ്പത്തികമായി പ്രയാസത്തിലായ ഇഹ്‌സാനുള്ളയുടെ ബന്ധുക്കൾ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്. യാബ് ലീഗൽ സർവീസസിലെ അഭിഭാഷകർ ഈജിപ്ഷ്യൻ ഡ്രൈവറുടെ ഇൻഷുറൻസ് കമ്പനിയെ പ്രതിപ്പട്ടികയിൽ ചേർത്ത് കേസ് ഫയൽ ചെയ്തു. കൃത്യമായ മെഡിക്കൽ രേഖകളും ഫോറൻസിക് റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിച്ചു.
വാദങ്ങൾ പരിഗണിച്ച കോടതി, ഇഹ്‌സാനുള്ളയ്ക്ക് 1,10,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. ഇതിന് പുറമെ മെഡിക്കലിനായി 4,100 ദിർഹവും അഡ്വക്കേറ്റ് ഫീസായി 500 ദിർഹവും ഇൻഷുറൻസ് കമ്പനി നൽകണം.
