അബുദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ പൗരന് നഷ്ടപരിഹാരം ലഭിച്ചു

അബൂദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ പാകിസ്താന്‍ മുഹമ്മദ് ആലിയാന്‍ മുഹമ്മദ് അബ്ബാസിന് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ മുപ്പതിനായിരം ദിര്‍ഹംസ് ( 23 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി

7/10/2025

അബൂദാബി: 2023 സെപ്റ്റംബര്‍ 16-ന് അബൂദാബിയിലെ ഖലീഫ സിറ്റി എയര്‍പോര്‍ട്ട് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ആലിയാന്‍ മുഹമ്മദ് അബ്ബാസിന് 30,000 ദിര്‍ഹം (ഏകദേശം 23 ലക്ഷം പാകിസ്ഥാന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ഇന്‍ഷുറന്‍സ് അതോറിറ്റി വിധി പുറപ്പെടുവിച്ചു. യാബ് ലീഗല്‍ സര്‍വീസസിന്റെ ഇടപെടല്‍ ഈ വിധിക്ക് പിന്നില്‍ നിര്‍ണ്ണായകമായി.

ഖലീഫ സിറ്റിയിലെ പാലത്തിലൂടെ ശഖ്ബൂത്ത് നഗരത്തിലേക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോവുകയായിരുന്ന പാക് സ്വദേശി ആലിയാന്‍, ശ്രദ്ധയില്ലാതെയും മുന്‍കരുതലില്ലാതെയും വാഹനമോടിച്ചതിനെ തുടര്‍ന്ന് ഒരു എമിറാത്തി സ്വദേശി ഓടിച്ച നിസ്സാന്‍ പാട്രോളിന് പിന്നില്‍ ഇടിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തെ തുടര്‍ന്ന് നടന്ന ക്രിമിനല്‍ കേസില്‍, പ്രതിയുടെ കുറ്റസമ്മതം, അപകട രേഖകള്‍, ട്രാഫിക് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ ആലിയാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ക്രിമിനല്‍ കേസില്‍ 2000 ദിര്‍ഹം പിഴ ചുമത്തുകയും, മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

അപകടത്തെ തുടര്‍ന്ന് മുഹമ്മദ് ആലിയാന്റെ മൂക്കിന് സാരമായ പരിക്കുകളും, പെല്‍വിക് ട്രോമയും ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായി.

അപകടത്തെത്തുടര്‍ന്നുണ്ടായ ഗുരുതരമായ പരിക്കുകള്‍ ചൂണ്ടിക്കാട്ടി, ഉയര്‍ന്ന തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആലിയാന്റെ അഭിഭാഷകന്‍ വാദിച്ചു. ആലിയാന്‍ ഓടിച്ച മോട്ടോര്‍ സൈക്കിളിന്റെ ഇന്‍ഷുറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കിയാണ് കേസ് ഫയല്‍ ചെയ്തത്.

സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ഇന്‍ഷുറന്‍സ് അതോറിറ്റി, മുഹമ്മദ് ആലിയാന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കുകയും 30,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു.