ഫുജൈറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്വദേശിക്ക് 1.12 ലക്ഷം ദിർഹം നഷ്ടപരിഹാരം
ഫുജൈറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്വദേശിക്ക് 1.12 ലക്ഷം ദിർഹം നഷ്ടപരിഹാരം


ഫുജൈറ: ദിബ്ബ അൽ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ സ്വദേശി രാകേഷ് കുമാർ ബർവ റാമിന് 1,12,000 യു.എ.ഇ ദിർഹം (ഏകദേശം 27 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.
2024 ജനുവരി 17-നായിരുന്നു അപകടം. അറബ് പൗരൻ ഓടിച്ചിരുന്ന ലാൻഡ് ക്രൂസർ റോഡിലൂടെ പോകുമ്പോൾ, ഗ്ലാസ് ഷീറ്റുകളുമായി വന്ന ഒരു പിക്കപ്പ് അശ്രദ്ധമായി മെയിൻ റോഡിലേക്ക് പ്രവേശിച്ചു. പിക്കപ്പിൽ ഇടിക്കാതിരിക്കാൻ ലാൻഡ് ക്രൂസർ വെട്ടിച്ചപ്പോൾ എതിർദിശയിൽ വരികയായിരുന്ന രാകേഷ് ഓടിച്ചിരുന്ന ടൊയോട്ട ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് ഡ്രൈവർക്ക് 70 ശതമാനവും ലാൻഡ് ക്രൂസർ ഓടിച്ച അറബ് പൗരന് 30 ശതമാനവുമാണ് ട്രാഫിക് വിഭാഗം ഉത്തരവാദിത്തം നിശ്ചയിച്ചിരുന്നത്.
അപകടത്തിൽ രാകേഷിന്റെ തലയ്ക്കും (തലച്ചോറിന്) കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഖോർഫുക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് ദീർഘകാലത്തെ ചികിത്സ ആവശ്യമായി വന്നു.
രാകേഷിന്റെ ബന്ധുക്കൾ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചതിനെത്തുടർന്ന് യാബ് ലീഗൽ സർവീസസിലെ അഭിഭാഷകർ കേസ് ഏറ്റെടുത്തു. പിക്കപ്പിന്റെയും ലാൻഡ് ക്രൂസറിന്റെയും ഇൻഷുറൻസ് കമ്പനികളെ എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തത്. ആദ്യം കീഴ്ക്കോടതി 80,000 ദിർഹം നഷ്ടപരിഹാരമായി വിധിച്ചുവെങ്കിലും, പരിക്കിന്റെ തീവ്രത കണക്കിലെടുത്ത് ഈ തുക അപര്യാപ്തമാണെന്ന് കണ്ട യാബ് ലീഗൽ സർവീസസ് അപ്പീൽ കോടതിയെ സമീപിച്ചു.
വിശദമായ മെഡിക്കൽ റിപ്പോർട്ടുകളും വാദങ്ങളും പരിശോധിച്ച അപ്പീൽ കോടതി, നഷ്ടപരിഹാര തുക 1,12,000 ദിർഹമായി വർദ്ധിപ്പിച്ചു നൽകാൻ ഉത്തരവിടുകയായിരുന്നു. ഇതിന് പുറമെ അഞ്ച് ശതമാനം പലിശയും മെഡിക്കൽ ചെലവുകൾക്കായി 3850 ദിർഹവും കോടതിച്ചെലവുകളും ഇൻഷുറൻസ് കമ്പനി നൽകണം.
