ഉമ്മുൽ ഖുവൈൻ വാഹനാപകടം: പരിക്കേറ്റ ബംഗ്ലാദേശ് പൗരന് 1.20 ലക്ഷം ദിർഹം നഷ്ടപരിഹാരം
ഉമ്മുൽ ഖുവൈൻ വാഹനാപകടം: പരിക്കേറ്റ ബംഗ്ലാദേശ് പൗരന് 1.20 ലക്ഷം ദിർഹം നഷ്ടപരിഹാരം


ഉമ്മുൽ ഖുവൈനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ശരീഫുൽ ഇസ്‌ലാമിന് (Muhammed Shariful Islam) ഒരു ലക്ഷത്തി ഇരുപതിനായിരം ദിർഹംസ് (ഏകദേശം 39 ലക്ഷം ബംഗ്ലാദേശ് ടാക്ക) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
സംഭവത്തിൻ്റെ വിശദാംശങ്ങൾ:
2024 ജൂലായ് 26-നാണ് കേസിനാസ്പദമായ സംഭവം. ഉമ്മുൽ ഖുവൈനിലെ അൽ റംല പ്രദേശത്ത് റോഡിന്റെ സൈഡിലൂടെ നടന്നുപോവുകയായിരുന്ന ശരീഫുൽ ഇസ്‌ലാമിനെയും അദ്ദേഹത്തിൻ്റെ സഹോദരനെയും പിന്നിൽ നിന്ന് ഒരു എമിറാത്തി പൗരൻ ഓടിച്ച മെഴ്‌സിഡസ് ബെൻസ് കാർ ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ ഡ്രൈവർ വാഹനം നിർത്താതെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോവുകയും ചെയ്തു.
പിന്നീടുള്ള അന്വേഷണത്തിൽ അപകടത്തിന് കാരണമായ ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തുകയും, ട്രാഫിക് ക്രിമിനൽ കോടതി ഇയാൾക്ക് 4500 ദിർഹംസ് പിഴ ചുമത്തുകയും ചെയ്തു. കോടതിയിൽ താൻ തെറ്റുകാരനാണെന്നും ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചെന്നും ഡ്രൈവർ സമ്മതിച്ചിരുന്നു.
ഗുരുതര പരിക്കും നിയമനടപടികളും:
ഈ അപകടത്തിൽ ശരീഫുൽ ഇസ്‌ലാമിന് തോളെല്ലിനും വലത് കൈക്കും ഗുരുതരമായി പരിക്കേൽക്കുകയും സ്ഥിരമായ വൈകല്യം സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് നഷ്ടപരിഹാരം ലഭിക്കാൻ മാർഗ്ഗമില്ലാതെ വന്നതോടെയാണ് ശരീഫുൽ ഇസ്‌ലാമിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്.
കേസ് ഏറ്റെടുത്ത ശേഷം, ഫോറൻസിക് റിപ്പോർട്ട്, ക്രിമിനൽ കേസ് റിപ്പോർട്ട്, മെഡിക്കൽ രേഖകൾ എന്നിവ ഉൾപ്പെടെയുള്ള മതിയായ തെളിവുകൾ സഹിതം, അപകടത്തിന് കാരണമായ എമിറാത്തി പൗരൻ്റെ വാഹനത്തിൻ്റെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി ഇൻഷുറൻസ് നഷ്ടപരിഹാര കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു.
കോടതി വിധി:
രേഖകളും തെളിവുകളും പരിഗണിച്ച കോടതി, മുഹമ്മദ് ശരീഫുൽ ഇസ്‌ലാമിന് നഷ്ടപരിഹാരമായി ഒരു ലക്ഷത്തി ഇരുപതിനായിരം ദിർഹംസ് നൽകാൻ വിധിച്ചു. ഇത് കൂടാതെ, വിധി വന്ന തീയതി മുതൽ മുഴുവനായും അടച്ച് തീർക്കുന്നത് വരെ 5 ശതമാനം പലിശയും, മെഡിക്കല്‍ ഫീസായി 4100 ദിർഹംസും കൂടി ശരീഫുൽ ഇസ്‌ലാമിന് നൽകാനും കോടതി ഉത്തരവിട്ടു. കൃത്യമായ നിയമോപദേശത്തിലൂടെ പ്രവാസിയായ ഇദ്ദേഹത്തിന് നീതി ലഭ്യമാക്കാൻ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ നിർണ്ണായകമായി.