റോഡപകടത്തിൽ പാകിസ്താൻ സ്വദേശിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം

റോഡപകടത്തിൽ പാകിസ്താൻ സ്വദേശിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം

7/21/2025

അബൂദാബി: 2023 ജൂലൈ 23-ന് റാസൽഖൈമയിലെ ഷരീഷയിൽ നടന്ന റോഡപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി അഹ്‌മദ് സീഷാൻ മുഹമ്മദ് ഇസ്ഹാഖിന് ഒരു ലക്ഷം ദിർഹം (77.5 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലിലൂടെയാണ് ഈ അനുകൂല വിധി.

റാസല്‍ഖൈമ ഷരീഷ പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. അഹ്‌മദ് സീഷാൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരു ഇമാറാത്തി സ്വദേശിയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. പോലീസിന്റെ അന്വേഷണത്തിൽ, സീഷാന്റെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തി. പൊതുറോഡിൽ ആവശ്യമായ ശ്രദ്ധയും സൂക്ഷ്മതയില്ലാതെയും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് സീഷാനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും 2000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.

നെഞ്ചിനും കൈക്കും തോളിനും പരിക്കേറ്റ സീഷാനെ അപകടം നടന്നയുടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിമിനൽ കേസിൽ വിധി വന്നെങ്കിലും പരിക്കുകൾക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സീഷാൻ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. അപകട റിപ്പോർട്ടിന്റെ പകർപ്പ്, ക്രിമിനൽ കേസ് വിധി, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രസീതുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സഹിതം സലാം പാപ്പിനിശ്ശേരി ഇൻഷുറൻസ് അതോറിറ്റിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. സീഷാന്റെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെയാണ് എതിർകക്ഷിയാക്കിയത്.

കേസ് പരിഗണിച്ച കോടതി, അഹ്‌മദ് സീഷാന് 1 ലക്ഷം ദിർഹം നഷ്ടപരിഹാരമായും 3850 ദിർഹം ചികിത്സാ ചെലവായും നൽകാൻ ഇൻഷുറൻസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുകയായിരുന്നു.