ഷാര്‍ജയില്‍ വാഹനാപകടം: പാകിസ്താന്‍ സ്വദേശിക്ക് ഒന്നേമുക്കാല്‍ കോടി രൂപ നഷ്ടപരിഹാരം
ഷാര്‍ജയില്‍ വാഹനാപകടം: പാകിസ്താന്‍ സ്വദേശിക്ക് ഒന്നേമുക്കാല്‍ കോടി രൂപ നഷ്ടപരിഹാരം


ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ദൈദ് സ്ട്രീറ്റില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാകിസ്താന്‍ പൗരനായ അദ്നാന്‍ അലി മഖ്സൂദ് അഹ്‌മദിന് രണ്ട് ലക്ഷത്തി അമ്പതിനായിരം ദിര്‍ഹം (ഏകദേശം ഒരു കോടി 93 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരം ലഭിക്കാന്‍ കോടതി വിധി. യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ഈ വിധിക്ക് കാരണമായത്. 2022 സെപ്റ്റംബര്‍ 10-ന് നടന്ന അപകടത്തില്‍, ബള്‍ഗേറിയന്‍ പൗരന്‍ അശ്രദ്ധമായി ഓടിച്ച വാഹനം അദ്നാന്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ അദ്‌നാനെ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ഇമാറാത്തി സ്വദേശിനിയുടെ വാഹനം ഇടിക്കുകയും ചെയ്തു. നെഞ്ചിനും നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ അദ്നാനെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക് നിയമലംഘനം നടത്തിയ ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുകയും കോടതി 1500 ദിര്‍ഹം വീതം പിഴ ചുമത്തുകയും ചെയ്തു. തുടര്‍ന്ന്, നഷ്ടപരിഹാരത്തിനായി സലാം പാപ്പിനിശ്ശേരി മുഖേന നല്‍കിയ കേസില്‍, രണ്ട് വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്ന് 2,50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. വിധി വന്ന തീയതി മുതല്‍ തുക അടച്ചുതീര്‍ക്കുന്നത് വരെ അഞ്ച് ശതമാനം പലിശയും നല്‍കണം. ഈ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‌ക്കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.