ഡെലിവറി ഡ്രൈവർക്ക് വാഹനാപകട നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം

ഡെലിവറി ഡ്രൈവർക്ക് വാഹനാപകട നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം

7/29/2025

അബൂദാബി: അൽ-ഷാംഖയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ സ്വദേശിയായ അതീഖുറഹ്‌മാൻ അബ്ദുൽ മജീദിന് ഒരു ലക്ഷം ദിർഹം (ഏകദേശം 77 ലക്ഷം പാകിസ്ഥാൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ഈ അനുകൂല വിധിക്ക് കാരണമായത്.

2023 ഏപ്രിൽ 29-നാണ് സംഭവം. അബൂദാബിയിലെ അൽ-ഷാംഖ പ്രദേശത്തെ ഒരു ഉപറോഡിൽ വെച്ച് ഡെലിവറി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അതീഖിനെ, പാകിസ്ഥാൻ സ്വദേശിയായ മറ്റൊരു ഡ്രൈവർ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. കിഴക്ക് ദിശയിൽ നിന്ന് പടിഞ്ഞാറേക്ക് വരികയായിരുന്ന കാർ, റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ ക്രോസ് ചെയ്യുകയും അതീഖിന്റെ ബൈക്കിൽ ഇടിക്കുകയുമായിരുന്നു.

അപകടത്തിൽ അതീഖിന്റെ കാലിനും സന്ധിക്കും ഗുരുതരമായി പരിക്കേൽക്കുകയും, തുടർന്ന് ഷെയ്ഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ കുറ്റം നിഷേധിച്ചെങ്കിലും, ട്രാഫിക് നിയമലംഘനവും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടം സംഭവിച്ചതെന്ന് ക്രിമിനൽ കോടതി കണ്ടെത്തി. ഇതേത്തുടർന്ന് കാർ ഡ്രൈവർക്ക് 3000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.

ക്രിമിനൽ കേസ് വിധിക്ക് ശേഷവും അതീഖിന് നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പനിശ്ശേരിയെ സമീപിച്ചത്. അപകട റിപ്പോർട്ടിന്റെ പകർപ്പ്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രസീതുകൾ എന്നിവയുൾപ്പെടെയുള്ള ആവശ്യമായ രേഖകൾ കോടതിയിൽ സമർപ്പിച്ചു.

കേസ് വിശദമായി പരിഗണിച്ച കോടതി, അതീഖുറഹ്‌മാൻ അബ്ദുൽ മജീദിന് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും, വിധി പ്രസ്താവിച്ച തീയതി മുതൽ തുക അടച്ചു തീർക്കുന്നത് വരെ 5 ശതമാനം പലിശ ഈടാക്കാനും ഉത്തരവിട്ടു. കൂടാതെ, 500 ദിർഹം വക്കീൽ ഫീസായി നൽകാനും കാറിന്റെ ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദേശിച്ചു.