ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കോമയിലായ മലയാളിക്ക് 1.24 കോടി രൂപ നഷ്ടപരിഹാരം

ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കോമയിലായ മലയാളിക്ക് 1.24 കോടി രൂപ നഷ്ടപരിഹാരം

2/12/2026

ഷാർജ: ഷാർജ സജ്ജ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം അബോധാവസ്ഥയിലായിരുന്ന തിരുവനന്തപുരം സ്വദേശിക്ക് അഞ്ചുലക്ഷം ദിർഹം (ഏകദേശം 1.24 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പ്രമോദ് കൃഷ്ണൻകുട്ടിക്കാണ് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അർഹമായ നഷ്ടപരിഹാരം ലഭ്യമായത്.

2023 ഡിസംബർ 2-നാണ് സജ്ജ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രമോദ് അപകടത്തിൽപ്പെട്ടത്. വൺവേ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ചെത്തിയ ബംഗ്ലാദേശ് സ്വദേശി, റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രമോദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ ഉടൻ തന്നെ അൽ ദൈദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയ കോടതി, ഡ്രൈവർ കുറ്റക്കാരനാണെന്ന് വിധിച്ച് 3000 ദിർഹം പിഴ ചുമത്തിയിരുന്നു.

അപകടത്തെത്തുടർന്ന് പ്രമോദ് മാസങ്ങളോളം കോമയിലായിരുന്നു. തലയോട്ടിക്ക് ഏറ്റ കഠിനമായ പരിക്ക് കാരണം അബോധാവസ്ഥയിലായ അദ്ദേഹത്തിന് തളർവാദവും പിടിപെട്ടു. സ്വന്തമായി ഭക്ഷണം കഴിക്കാനോ ശ്വസിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്ന പ്രമോദിന് മൂക്കിലൂടെയുള്ള ട്യൂബ് വഴിയാണ് ഭക്ഷണം നൽകിയിരുന്നത്. തൊണ്ടയിൽ സുഷിരമുണ്ടാക്കിയാണ് (Tracheostomy) ശ്വസനം നിലനിർത്തിയിരുന്നത്.

അപകടത്തിൽ പരിക്കേറ്റ് കോമയിലായ പ്രമോദിന്റെ ബന്ധുക്കൾ യുഎഇയിലെ പ്രമുഖ നിയമസഹായ സ്ഥാപനമായ YAB LEGAL SERVICES സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും അദ്ദേഹം കേസ് ഏറ്റെടുക്കുകയുമായിരുന്നു. പ്രമോദ് അബോധാവസ്ഥയിലായതിനാൽ അദ്ദേഹത്തിന്റെ അമ്മയാണ് അഡ്വക്കേറ്റിന് പവർ ഓഫ് അറ്റോർണി നൽകിയത്.

മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ക്രിമിനൽ കോടതി വിധി, പ്രമോദിന്റെ ശാരീരിക വൈകല്യങ്ങൾ വ്യക്തമാക്കുന്ന മെമ്മോറാണ്ടം എന്നിവ സഹിതം യാബ് ലീഗല്‍ സര്‍വീസസിലെ അഡ്വക്കറ്റുമാര്‍ കോടതിയിൽ ശക്തമായ വാദങ്ങൾ നിരത്തി. വാദങ്ങൾ പരിഗണിച്ച കോടതി 5 ലക്ഷം ദിർഹം നഷ്ടപരിഹാരമായും 500 ദിർഹം അഡ്വക്കേറ്റ് ഫീസായും നൽകാൻ ഉത്തരവിടുകയായിരുന്നു.