വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് മുപ്പതിനായിരം ദിർഹം നഷ്ടപരിഹാരം
വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് മുപ്പതിനായിരം ദിർഹം നഷ്ടപരിഹാരം


ദുബായ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാകിസ്താൻ സ്വദേശി മുഹമ്മദ് ഇംറാൻ അബ്ദുൽ അസീസിന് ദുബായ് കോടതി 30,000 ദിർഹം (ഏകദേശം 23.2 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം വിധിച്ചു. പ്രമുഖ നിയമസ്ഥാപനമായ YAB ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലാണ് ഈ തുക നേടിക്കൊടുത്തത്.
2024 ജനുവരി 26-ന് ദുബായിലെ അൽ സഫ 1 ഏരിയയിൽ മെഡികെയർ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത്. റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ ഒമാൻ പൗരൻ ഓടിച്ച ലെക്സസ് കാർ, ഇംറാൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇംറാന്റെ ഇടത് തോളിന് സാരമായി പരിക്കേറ്റു.
അശ്രദ്ധയോടെ വാഹനമോടിച്ച് അപകടം വരുത്തിയതിന് ഒമാൻ പൗരന് കോടതി 2,000 ദിർഹം പിഴ ചുമത്തിയിരുന്നു. തുടർന്ന്, ഇംറാന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സലാം പാപ്പിനിശ്ശേരി മുഖേന കേസ് ഫയൽ ചെയ്തു. അപകട റിപ്പോർട്ട്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രേഖകൾ എന്നിവ ഹാജരാക്കിയാണ് കേസ് വാദിച്ചത്.
വാദങ്ങൾ പരിഗണിച്ച കോടതി, ഒമാനി പൗരന്റെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി 30,000 ദിർഹമും, കേസിന്റെ ആവശ്യത്തിന് വേണ്ടി ചെലവായ 3,850 ദിർഹമും നൽകണമെന്ന് ഉത്തരവിട്ടു.