പോലീസ് വാഹനം നശിപ്പിച്ച കേസിൽ തൃശൂർ സ്വദേശിയുടെ ജയിൽ ശിക്ഷ റദ്ദാക്കി ഷാർജ കോടതി
പോലീസ് വാഹനം നശിപ്പിച്ച കേസിൽ തൃശൂർ സ്വദേശിയുടെ ജയിൽ ശിക്ഷ റദ്ദാക്കി ഷാർജ കോടതി


ഷാർജ: ഷാർജ പോലീസിൻ്റെ വാഹനം നശിപ്പിച്ച കേസിൽ നിയമക്കുരുക്കിലായ തൃശൂർ സ്വദേശിയുടെ ജയിൽ ശിക്ഷ ഷാർജ കോടതി റദ്ദാക്കി. ഷാർജ പബ്ലിക് പ്രോസിക്യൂഷൻ നൽകിയ പരാതിയിൽ യാബ് ലീഗൽ സർവീസസ് നടത്തിയ ഇടപെടലിനെ തുടർന്നാണ് അനുകൂലമായ വിധി ലഭിച്ചത്.
2024 ഓഗസ്റ്റ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബൂഷഗാറയിലെ താമസ കെട്ടിടത്തിൻ്റെ ഗേറ്റിന് മുന്നിൽ പാർക്ക് ചെയ്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഒരു കാറിന് നേരെയാണ് ഇദ്ദേഹം പെയിന്റ് ചെയ്തത്. വ്യക്തമായ ലോഗോയോ പോലീസ് വാഹനം എന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളോ ഇല്ലാതിരുന്നതിനാൽ തൻ്റെ പ്രവൃത്തി പോലീസ് വാഹനത്തിന് നേരെയാണെന്ന് ഇദ്ദേഹത്തിന് മനസ്സിലായില്ല. പൊതുശല്യം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത ഈ പ്രവൃത്തി ഒരു പാഠം പഠിപ്പിക്കാൻ മാത്രമായിരുന്നു.
സംഭവം നടന്ന ദിവസം ഫീൽഡ് മിഷനിലായിരുന്ന പോലീസുകാരുടെ വാഹനമായിരുന്നു അവിടെ പാർക്ക് ചെയ്തിരുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസുകാർ ഇദ്ദേഹത്തെ കണ്ടെത്തുകയും കേസെടുത്ത് പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇദ്ദേഹത്തിന് ഷാർജ ഫസ്റ്റ് ഇൻസ്റ്റൻ്റ് കോടതി ഒരു മാസത്തെ ജയിൽ ശിക്ഷ വിധിച്ചു.
ഈ സാഹചര്യത്തിൽ തൃശൂർ സ്വദേശി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. കേസ് ഏറ്റെടുത്ത യാബ് ലീഗൽ സർവീസസ് വിശദമായ മെമ്മോറാണ്ടം കോടതിയിൽ സമർപ്പിച്ചു. മെമ്മോറാണ്ടത്തിൽ സംഭവം നടന്നതിൻ്റെ കൃത്യമായ വിവരങ്ങളും, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ ഒഴിവാക്കാൻ നൽകിയ ഒരു മുന്നറിയിപ്പ് മാത്രമാണ് ഇതെന്നും വിശദമാക്കി. ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വാഹനം നശിപ്പിച്ചു എന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും, മനപ്പൂർവ്വമായി ചെയ്തതല്ലെന്നും അഭിഭാഷകൻ വാദിച്ചു. കൂടാതെ ഇദ്ദേഹം കുടുംബത്തിൻ്റെ ഏക ആശ്രയമാണെന്നും രണ്ട് പെൺമക്കളടങ്ങുന്ന കുടുംബം ഈ രാജ്യത്താണ് താമസിക്കുന്നതെന്നും ഒരു മാസം ജയിലിൽ കിടന്നാൽ ഉപജീവനമാർഗ്ഗം നിലച്ചുപോകുമെന്നും കോടതിയെ അറിയിച്ചു.
യാബ് ലീഗൽ സർവീസസിലെ അഭിഭാഷകൻ്റെ വാദങ്ങളും മെമ്മോറാണ്ടം ഉൾപ്പെടെയുള്ള രേഖകളും സൂക്ഷ്മമായി പരിശോധിച്ച ഷാർജ കോടതിക്ക് വസ്തുത ബോധ്യപ്പെട്ടു. കുറ്റസമ്മതം നടത്തിയതിനാൽ ക്രിമിനൽ നടപടി നിയമത്തിലെ ആർട്ടിക്കിൾ 2/241, 213 പ്രകാരം ശിക്ഷാർഹനാണെങ്കിലും, മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കുടുംബത്തിൻ്റെ ഏക ആശ്രയമാണ് എന്നതും പരിഗണിച്ച് കോടതി ഇദ്ദേഹത്തോട് അനുകമ്പ കാണിച്ചു. ഫസ്റ്റ് ഇൻസ്റ്റൻ്റ് കോടതിയുടെ ജയിൽ ശിക്ഷ റദ്ദാക്കുകയും, ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 2016 ലെ 13, 14, 15 വകുപ്പുകൾ പ്രകാരം 3000 ദിർഹംസ് പിഴയായി അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.
"പ്രവാസലോകത്ത് ഒട്ടനവധി പ്രവാസികൾ, പ്രത്യേകിച്ച് മലയാളികൾ, ഇതുപോലുള്ള നിയമപരമായ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ സ്വന്തമായി നിയമം കയ്യിലെടുക്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിക്കുകയോ അധികാരികളുമായി ബന്ധപ്പെടുകയോ ചെയ്യണം. അല്ലെങ്കിൽ ഇത്തരം നിയമപ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന്" യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി അറിയിച്ചു.