ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 1.30 ലക്ഷം ദിർഹം (98 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം

ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് 1.30 ലക്ഷം ദിർഹം (98 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം

2/9/2026

ഷാർജ: ഷാർജ കൽബയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി ആതിഫ് സിദ്ധീഖ് മുഹമ്മദ് സിദ്ധീഖിന് 1,30,000 ദിർഹം (ഏകദേശം 98 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

2024 ജൂലൈ 14-നാണ് അപകടം നടന്നത്. ഷാർജ കൽബ പോലീസ് സ്റ്റേഷൻ പരിധിയിലെ അൽ വഹ്ദ സ്ട്രീറ്റിലൂടെ ആതിഫ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ, ഈജിപ്ഷ്യൻ സ്വദേശി ഓടിച്ചിരുന്ന കൊറോള കാർ അശ്രദ്ധമായി വരി മാറിയ (Line Change)താണ് അപകടത്തിന് കാരണമായത്. കാർ മോട്ടോർ സൈക്കിളിൽ ഇടിച്ചതിനെത്തുടർന്ന് റോഡിൽ തെറിച്ചുവീണ ആതിഫിന് കാലിനും ഇടുപ്പിനും (Pelvic injury) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ കൽബ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

അശ്രദ്ധമായി വാഹനം ഓടിച്ച ഈജിപ്ഷ്യൻ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ക്രിമിനൽ കോടതി ഇയാൾക്ക് 3000 ദിർഹം പിഴ ചുമത്തിയിരുന്നു.

അപകടത്തെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ആതിഫ്, അർഹമായ നഷ്ടപരിഹാരത്തിനായി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം കേസ് ഏറ്റെടുക്കുകയും പരിക്കിന്റെ തീവ്രത വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ക്രിമിനൽ കോടതി വിധി, നിയമപരമായ വാദങ്ങൾ ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം എന്നിവ സഹിതം ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി കോടതിയെ സമീപിച്ചു.

യാബ് ലീഗൽ സർവീസസിന്റെ ശക്തമായ വാദങ്ങൾ കണക്കിലെടുത്ത ഇൻഷുറൻസ് തർക്ക പരിഹാര കോടതി, ആതിഫ് സിദ്ധീഖിന് 1,30,000 ദിർഹം (ഏകദേശം 98 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. ഇതിന് പുറമെ, മെഡിക്കലിനായി 4100 ദിർഹവും അഡ്വക്കറ്റ് ഫീസായി 500 ദിർഹവും ഇൻഷുറൻസ് കമ്പനി നൽകണം. വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചുതീർക്കുന്നത് വരെ 5 ശതമാനം പലിശയും നൽകാൻ കോടതി നിർദ്ദേശിച്ചു