ബൈക്ക് അപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് പൗരന് 130,000 ദിർഹം നഷ്ടപരിഹാരം
ബൈക്ക് അപകടത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് പൗരന് 130,000 ദിർഹം നഷ്ടപരിഹാരം


അബുദാബി: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റാസിൽ അബ്ദുൽ മന്നാന് ഒരു ലക്ഷത്തി മുപ്പതിനായിരം ദിർഹംസ് (ഏകദേശം 43 ലക്ഷം ബംഗ്ലാദേശ് ടാക്ക) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
2024 ഏപ്രിൽ 18-ന് അബുദാബി - മദീന സായിദ് റോഡിലാണ് സംഭവം. ഡെലിവറി തൊഴിലാളിയായ റാസിൽ മോട്ടോർ സൈക്കിളിൽ പോകുമ്പോൾ, റോഡിൽ നിറഞ്ഞിരുന്ന മണലിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് തെരുവിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ആഘാതമായ പരിക്ക്, വലത് കൈയ്ക്കും നെഞ്ചിനും പരിക്ക്, കൂടാതെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും റാസിലിന് ഉണ്ടായി. അപകടത്തെ തുടർന്ന് റാസിലിനെ ബുർജീൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ റാസിൽ തെറ്റുകാരനാണെന്ന് കണ്ടെത്തിയ ക്രിമിനൽ കോടതി, 1000 ദിർഹം ഫൈൻ വിധിച്ചിരുന്നു. എന്നാൽ, നഷ്ടപരിഹാരം തേടി റാസിലിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അദ്ദേഹം മുഖേന മോട്ടോർ സൈക്കിളിന്റെ ഇൻഷൂറൻസ് കമ്പനിയെ എതിർകക്ഷിയാക്കി ഇൻഷൂറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തു.
കേസ് പരിഗണിച്ച കോടതി, റാസിലിന് 130,000 ദിർഹം നഷ്ടപരിഹാരമായി നൽകാനും, വിധി വന്ന തീയതി മുതൽ പൂർണ്ണമായി അടച്ചു തീർക്കുന്നതുവരെ അഞ്ച് ശതമാനം നിയമപരമായ പലിശയും നൽകാനും ഇൻഷൂറൻസ് കമ്പനിയോട് ഉത്തരവിട്ടു.