ഷാർജ സനയ്യ അപകടം: അസ്ലം ഖാൻ ഷഫിയുള്ളയ്ക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം
ഷാര്‍ജ സനാഇയ്യയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഉത്തര്‍പ്രദേശ് സ്വദേശി അസ്‌ലം ഖാന്‍ സൈഫുള്ളക്ക് YAB LEGAL SERVICES സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ 14 ലക്ഷം ഇന്ത്യന്‍ രൂപ (അറുപതിനായിരം ദിര്‍ഹംസ്) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി


ഷാർജ: ഷാർജയിലെ സനാഇയ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി അസ്‌ലം ഖാൻ ഷഫീഉല്ലക്ക് YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലിലൂടെ 14 ലക്ഷം ഇന്ത്യൻ രൂപ (60,000 ദിർഹംസ്) നഷ്ടപരിഹാരമായി ലഭിക്കാൻ കോടതി വിധി.
2024 ജനുവരി 7-നാണ് അപകടം നടന്നത്. ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ-17 ലെ അൽ നജ്മ് അൽ ഹക്കീഖി കാർ കെയർ സെന്ററിന് മുന്നിൽ വെച്ച് കുന്നംകുളം സ്വദേശി വാഹനം കഴുകിയ ശേഷം റിവേഴ്‌സെടുക്കുന്നതിനിടെ പിന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഈ രണ്ട് വാഹനങ്ങൾക്കിടയിലൂടെ നടക്കുകയായിരുന്ന അസ്‌ലം ഖാനെയും ഇടിക്കുകയും അദ്ദേഹം വാഹനങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ അൽ ഖാസിമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കുന്നംകുളം സ്വദേശിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കോടതിക്ക് ബോധ്യപ്പെടുകയും, തുടർന്ന് അദ്ദേഹത്തിന് ആയിരം ദിർഹം ഫൈൻ ചുമത്തി വിട്ടയക്കുകയും ചെയ്തു. അപകടത്തിൽ സാരമായി പരിക്കേറ്റ അസ്‌ലം ഖാന് തുടക്കത്തിൽ നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്.
കേസ് ഏറ്റെടുത്ത സലാം പാപ്പിനിശ്ശേരി ആവശ്യമായ നിയമനടപടികൾ ആരംഭിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് ജഡ്ജ്‌മെന്റ്, മെമ്മോറാണ്ടം ഉൾപ്പെടെയുള്ള രേഖകൾ സഹിതം ഇൻഷുറൻസ് അതോറിറ്റിയിൽ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. രേഖകൾ പരിശോധിച്ച കോടതി, അസ്‌ലം ഖാന് അറുപതിനായിരം ദിർഹംസ് (14 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.