വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 1.4 മില്യൺ ദിർഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 1.4 മില്യൺ ദിർഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

9/14/2025

ഷാര്‍ജ: ഉമ്മുൽ ഖുവൈനിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ പെരിങ്ങോം സ്വദേശി ഹംസ പുതിയവീട്ടിൽ ഹസ്സനാണ് 1.4 മില്യൺ ദിർഹം (3.36കോടി ഇന്ത്യൻരൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദുബായ് അപ്പീല്‍ കോടതി വിധിച്ചത്.

2024 ജനുവരി 29 ന് ഉമ്മുൽ ഖുവൈൻ അൽ സലാമയിലെ ഹോഴ്സ് റൗണ്ട് അബൗട്ടിന് സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന ഹംസയെ പാകിസ്ഥാൻ സ്വദേശി ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലക്ക്‌ ഗുരുതരമായി പരിക്കേറ്റ ഹംസ കോമയിലായി. സാധാരണ രീതിയിൽ ശ്വാസമെടുക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതിനെ തുടർന്ന് ശ്വാസനാളിൽ ദ്വാരം (tracheostomy) സ്ഥാപിക്കുകയും, ഭക്ഷണം കഴിക്കാനാവാത്തതിനാൽ വയറ്റിൽ ട്യൂബ് (gastrostomy) വഴി ഭക്ഷണം നൽകേണ്ടിയും വന്നു. ഇതിനുപുറമേ, എല്ലുകൾക്ക് ബലക്കുറവും മൂത്രം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്തു.

അപകടത്തിന് കാരണക്കാരനായ പാക് സ്വദേശിക്ക് ക്രിമിനല്‍ കേസില്‍ 3000 ദിർഹം ഫൈൻ ചുമത്തിയിരുന്നു. എന്നാൽ, ഹംസയുടെ ഭാവി ചികിത്സാ ചെലവുകളും ജീവിതച്ചെലവുകളും പരിഗണിച്ച് നഷ്ടപരിഹാര കേസ് ചെയ്യുന്നതിനായി ബന്ധുക്കൾ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ഹംസ കോമയിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യയാണ് അഭിഭാഷകന് പവർ ഓഫ് അറ്റോർണി നൽകിയത്.

ആദ്യഘട്ടത്തിൽ പ്രഥമ കോടതി 350,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു. എന്നാൽ, പരിക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഈ തുക മതിയാവില്ലെന്ന് മനസ്സിലാക്കിയ യാബ് ലീഗല്‍ സര്‍വീസസിലെ അഭിഭാഷകര്‍ അപ്പീൽ കോടതിയെ സമീപിച്ചു. പരിക്കിന്റെ ആഴം വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളും ശക്തമായ നിയമപരമായ വാദങ്ങളും കോടതിയിൽ സമർപ്പിച്ചു. ഈ രേഖകൾ പരിഗണിച്ച്, അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 1.4 മില്യൺ ദിർഹമായി ഉയർത്തി വിധി പ്രഖ്യാപിച്ചു. ഈ വലിയ തുക ഹംസയുടെ ചികിത്സയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ആശ്വാസമേകുന്നതാണ്‌.