എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ; നിയമ കുരിക്കിൽപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ; നിയമ കുരിക്കിൽപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

ഷാർജ: അഞ്ചുമാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ കമ്പനി അധികൃതർ പ്രയാസത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ, പൊക്കുണ്ട് സ്വദേശിനി നിഷ രാജന്, തളിപ്പറമ്പ് മുൻ എം.എൽ.എ യും സിപിഐ (എം ) പാർട്ടി സെക്രട്ടറിയുമായ എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടലിലൂടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചു.

രണ്ടു വർഷം മുമ്പാണ് ബ്യൂട്ടീഷ്യൻ ആയ നിഷ രാജൻ നാട്ടിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ഭർത്താവിനെയും കുട്ടികളെയും നാട്ടിലാക്കി തനിച്ചു ഷാർജയിൽ എത്തിയത്. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിൽ ഷാർജയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണാണ് ശമ്പളം നൽകാതെ പ്രതിസന്ധിയിലാക്കിയത്.

നിഷയുടെ ഭാഗത്തു നിന്നും തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയെങ്കിലും തൊഴിൽ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും നൽകിയ പരാതി തള്ളുകയും കുടിശ്ശിക നൽകാതെ വിസ ക്യാൻസൽ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിഷ രാജൻ തളിപ്പറബ് മുൻ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ സഹായം തേടിയത്. അദ്ദേഹം ഉടൻ തന്നെ യുഎഇ യിലെ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാ മൂലം വിവരം അറിയിച്ചു.

യാബ് ലീഗൽ സർവീസസിന്റെ ഭാഗത്തു നിന്നും ബ്യൂട്ടീഷ്യൻ ഉടമയെ കാര്യങ്ങൾ വിളിച്ച് സംസാരിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാൻ ബ്യൂട്ടീഷ്യൻ ഉടമ വിമുഖത കാണിച്ചപ്പോൾ നിയമ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

യാബ് ലീഗൽ സർവീസസിന്റെ ഭാഗത്തു നിന്നും നിയമ നടപടി സ്വീകരിച്ചതറിഞ്ഞ കമ്പനി ഉടമ മധ്യസ്ഥർ മുഖേന പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ടു. അത് പ്രകാരം അവർക്ക് ലഭിക്കേണ്ട 8000 ദിര്‍ഹമും (ഏകദേശം രണ്ടു ലക്ഷം ഇന്ത്യൻ രൂപ) കോടതി ചെലവും നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.

നാട്ടിലെ കടബാധ്യതകൾ തീർക്കാൻ പ്രവാസലോകത്തെത്തിയ തനിക്ക് പ്രതിസന്ധി ഘട്ടത്തിൽ തുണയായത് എം വി ഗോവിന്ദൻ മാസ്റ്ററുടെ യും സലാം പാപ്പിനിശ്ശേരിയുടെയും സമയോചിതമായ ഇടപെടലാണെന്ന് നിഷ രാജൻ നന്ദിയോടെ സ്മരിച്ചു.

യുഎഇ യിൽ മുതലാളിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങൾ സാധാരണയാണെന്നും പ്രശ്നങ്ങൾ രമ്യതയിലൂടെ പരസ്പരം സംസാരിച്ചു പരിഹരിക്കണമെന്നും നിയമ സ്ഥാപനങ്ങളിലേക്ക് പരാതി നൽകുന്നതിന് മുമ്പ് പരസ്പരം പരിഹരിക്കാൻ ശ്രമിക്കുന്നത് അനാവശ്യമായ നിയമവ്യവഹാരങ്ങൾ തടയാൻ സാധിക്കുമെന്നും യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു.