നഷ്ടപരിഹാരം തിരികെ തേടി ഇൻഷുറൻസ് കമ്പനി; കേസ് തള്ളി റാസല്‍ഖൈമ കോടതി
നഷ്ടപരിഹാരം തിരികെ തേടി ഇൻഷുറൻസ് കമ്പനി; കേസ് തള്ളി റാസല്‍ഖൈമ കോടതി


റാസൽ ഖൈമ: വാഹനാപകടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനി നൽകിയ നഷ്ടപരിഹാരത്തുക തിരികെ ലഭിക്കുന്നതിനായി മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും അതിന്റെ ഉടമയ്ക്കും എതിരെ നൽകിയ കേസ് റാസൽഖൈമ പ്രാഥമിക കോടതി തള്ളി. പ്രാഥമിക കോടതിയുടെ വിധി അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു.
2021 ഓഗസ്റ്റ് 30-ന് റാസൽ ഖൈമയിൽ നടന്ന അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറും യാത്രക്കാരനും മരണപ്പെട്ടിരുന്നു. ഫുജൈറയില്‍ രജിസ്റ്റര്‍ ചെയ്ത ദിബ്ബയിലുള്ള കമ്പനി വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കോടതി വിധി പ്രകാരം മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് കമ്പനി ഏകദേശം 3.87 ലക്ഷം ദിർഹം(ഏകദേശം 92,000 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകി. ഡ്രൈവർ കമ്പനിയിലെ ജീവനക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി, ഈ തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇൻഷുറൻസ് കമ്പനി കേസ് ഫയൽ ചെയ്തത്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് കമ്പനിയുടെ ജീവനക്കാരനല്ലെന്നും, ഇത് ഇൻഷുറൻസ് പോളിസി വ്യവസ്ഥകളുടെ ലംഘനമാണെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ പ്രധാന വാദം.
എന്നാൽ, ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങൾ റാസൽ ഖൈമ പ്രാഥമിക കോടതി തള്ളി. അപകടത്തിന് ഇൻഷുറൻസ് തുക നൽകിയത് പോളിസി വ്യവസ്ഥകൾക്ക് അനുസൃതമാണെന്ന് കോടതി വിലയിരുത്തി. ഡ്രൈവർ കമ്പനി ജീവനക്കാരനല്ല എന്നത്, ഇൻഷുറൻസ് തുക തിരികെ ആവശ്യപ്പെടാനുള്ള സാഹചര്യങ്ങളിൽ ഉൾപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ഇൻഷുറൻസ് കമ്പനിയുടെ കേസ് തള്ളുകയും, കോടതി ചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കണമെന്നും വിധി പുറപ്പെടുവിച്ചു. ഇൻഷുറൻസ് കമ്പനി ഇതിനെതിരെ അപ്പീൽ പോയെങ്കിലും പ്രാഥമിക കോടതി വിധി ശരിവെക്കുകയായിരുന്നു.
ഈ വിഷയത്തിൽ കമ്പനി ഉടമയെ സഹായിച്ച യാബ് ലീഗല്‍ സര്‍വീസസിലെ അംഗങ്ങളുടെ ഇടപെടലാണ് അനുകൂല വിധി നേടുന്നതിൽ നിർണായകമായത്. ഒരു കേസിൽ അന്തിമ വിധി വന്ന ശേഷം അതേ വിഷയത്തിൽ മറ്റൊരാൾക്കെതിരെ കേസ് നിലനിൽക്കില്ല എന്ന നിയമ തടസ്സവും, അപകടത്തിൽ മരിച്ച ഡ്രൈവർ വാഹന ഉടമയുടെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനാണ് എന്നതും കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞതാണ് നിര്‍ണായകമായ ഈ വിധി കരസ്ഥമാക്കാന്‍ സാധിച്ചത്.
തൊഴിലുടമ വാഹനം ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ തൊഴിലാളികള്‍ അതെ സ്ഥാപനത്തില്‍ നിന്നും വിസ എടുത്തവര്‍ ആകണമെന്നും അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഗ്രൂപ്പ് ഓഫ് കമ്പനികളെ ഉള്‍പ്പെടുത്തണമെന്നും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി ഓര്‍മിപ്പിച്ചു.