വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാക് പൗരന് 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാക് പൗരന് 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം

7/30/2025

ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 17-ൽ 2023 ജൂൺ 12-ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാൻ പൗരനായ മുഹമ്മദ് ഫിയാസ് മുഹമ്മദ് റിയാസിന് വൻ നഷ്ടപരിഹാരം വിധിച്ച് കോടതി. YAB ലീഗൽ സർവീസസിന്റെ സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ കാര്യക്ഷമമായ നിയമപരമായ ഇടപെടലുകളാണ് ഈ വിധിക്ക് വഴിയൊരുക്കിയത്. ഫിയാസിന് 150,000 ദിർഹം (ഏകദേശം 1 കോടി 15 ലക്ഷത്തി 60 ആയിരം പാകിസ്ഥാൻ രൂപ) നഷ്ടപരിഹാരമായി ലഭിക്കും.

രണ്ട് പാതകളുള്ള റോഡിന്റെ വശത്ത് ഒരു ഇന്ത്യൻ പൗരൻ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച പാകിസ്ഥാൻ പൗരൻ ഈ വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനമോടിച്ച പാകിസ്ഥാൻ പൗരനും, അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മുഹമ്മദ് ഫിയാസ് മുഹമ്മദ് റിയാസിനും ഗുരുതരമായി പരിക്കേറ്റു. ഫിയാസിന്റെ കാലുകളിലും സന്ധികളിലുമായിരുന്നു പ്രധാനമായും പരിക്കുകൾ. അപകടശേഷം ഇരുവരെയും ഉടൻതന്നെ അജ്മാനിലെ ശൈഖ് ഖലീഫ ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യൻ പൗരനായ ഡ്രൈവർക്കും പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർക്കും 1000 ദിർഹം വീതം പിഴ ചുമത്തിയിരുന്നു.

ഗുരുതരമായ പരിക്കുകൾ കാരണം വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ച ഫിയാസ്, തനിക്ക് യാതൊരു നഷ്ടപരിഹാരവും ലഭിക്കാത്തതിനെത്തുടർന്ന് YAB ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ, നിർത്തിയിട്ട വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെയും പിന്നിൽ ഇടിച്ച വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെയും എതിർകക്ഷികളാക്കി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. അപകട റിപ്പോർട്ടിന്റെ പകർപ്പ്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ ചിലവുകൾ തെളിയിക്കുന്ന പേയ്‌മെന്റ് രസീതുകൾ തുടങ്ങിയ എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചു. ജോലി ചെയ്യാനുള്ള കഴിവിന്റെ നഷ്ടം, ശാരീരികവും മാനസികവുമായ ആഘാതങ്ങൾ, ചികിത്സാ ചിലവുകൾ എന്നിവയെല്ലാം കോടതിയുടെ പരിഗണനയിൽ വന്നു. എല്ലാ വശങ്ങളും വിശദമായി പരിഗണിച്ച കോടതി, നിർത്തിയിട്ട വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയും പിന്നിൽ ഇടിച്ച വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയും ചേർന്ന് മുഹമ്മദ് ഫിയാസ് മുഹമ്മദ് റിയാസിന് 150,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു.