നഷ്ടപരിഹാര കേസ്: ടാങ്കർ ലോറിയിടിച്ച് പരിക്കേറ്റ പ്രവാസിക്ക് 1.5 ലക്ഷം ദിർഹം നൽകാൻ കോടതി വിധി
നഷ്ടപരിഹാര കേസ്: ടാങ്കർ ലോറിയിടിച്ച് പരിക്കേറ്റ പ്രവാസിക്ക് 1.5 ലക്ഷം ദിർഹം നൽകാൻ കോടതി വിധി


ഷാർജ: ഷാർജയിലെ അൽ സജ്ജ ഇൻഡസ്ട്രിയൽ ഏരിയയിൽ ടാങ്കർ ലോറിയിടിച്ച് പരിക്കേറ്റ ഇന്ത്യക്കാരനായ നർസയ്യ കണ്ടേലക്ക് 1,50,000 ദിർഹം (ഏകദേശം 35.70 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലാണ് ഈ വിധിക്ക് വഴിയൊരുക്കിയത്. 2022 സെപ്റ്റംബർ 22ന് രാത്രി ഷാർജയിലെ അൽ സജ്ജ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന നർസയ്യയുടെ കാലിൽ അശ്രദ്ധമായി പിന്നോട്ട് എടുത്ത വോൾവോ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. ലോറി ഓടിച്ചിരുന്നത് ഒരു ഇന്ത്യക്കാരനാണ്. അപകടത്തിൽ നർസയ്യയുടെ ഇടത് കാലിന് ഗുരുതരമായ പരിക്കുകളും ഒടിവുമുണ്ടായി. അദ്ദേഹത്തെ ഉടൻതന്നെ അൽ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ ഡ്രൈവർക്ക് 1,000 ദിർഹം പിഴ ചുമത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ നർസയ്യയുടെ ബന്ധുക്കൾ നഷ്ടപരിഹാരം തേടി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടർന്ന്, വാഹനത്തിൻ്റെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തു. അപകട റിപ്പോർട്ട്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രേഖകൾ എന്നിവ ഹാജരാക്കിയതിനെ തുടർന്ന്, ഇൻഷുറൻസ് കമ്പനി ഒരു ലക്ഷം അമ്പതിനായിരം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. കൂടാതെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ പ്രതിവർഷം അഞ്ച് ശതമാനം പലിശയും നൽകണമെന്നും കോടതി ഉത്തരവിട്ടു. വിധിച്ച തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി സിവിൽ കോടതിയെ സമീപിച്ചെങ്കിലും, കേസ് കോടതി തള്ളുകയായിരുന്നു.