അൽഐൻ വാഹനാപകടം: പാകിസ്താൻ സ്വദേശിക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം

അൽഐൻ വാഹനാപകടം: പാകിസ്താൻ സ്വദേശിക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം

8/26/2025

അൽഐൻ: അൽഐനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാകിസ്താൻ സ്വദേശി സാഹിദുല്ല സിറാജുദ്ദീന് (Zahid Ullah Siraj Ud Din) രണ്ട് ലക്ഷം ദിർഹം (ഏകദേശം 1.53 കോടി പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

2024 മാർച്ച് 15-ന് അൽഐൻ ഇൻഡസ്ട്രിയൽ ഏരിയയിലാണ് അപകടം നടന്നത്. മൂന്ന് വരികളുള്ള റോഡിൽ, തെക്ക് നിന്ന് വടക്കോട്ട് പോവുകയായിരുന്ന ഒരു പാകിസ്താൻ സ്വദേശി ഓടിച്ച വാഹനം, റോഡ് മുറിച്ചു കടക്കുകയായിരുന്ന സാഹിദുല്ലയെ ഇടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തതുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിൽ സാഹിദുല്ലയുടെ തലച്ചോറിൽ രക്തം കട്ടപിടിക്കുകയും തലയോട്ടി, വാരിയെല്ലുകൾ, അരക്കെട്ട് എന്നിവയ്ക്ക് ഗുരുതരമായ പൊട്ടലുകൾ സംഭവിക്കുകയും ചെയ്തു.

അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് ക്രിമിനൽ കേസിൽ 3000 ദിർഹം പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷനും ശിക്ഷ ലഭിച്ചിരുന്നു. അപകടത്തിന് താൻ ഉത്തരവാദിയല്ലെന്ന് ഡ്രൈവർ കോടതിയിൽ വാദിച്ചിരുന്നെങ്കിലും, അപകടത്തിന്റെ രേഖാചിത്രം, പോലീസ് റിപ്പോർട്ട്, മെഡിക്കൽ റിപ്പോർട്ട് തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡ്രൈവറാണ് അപകടത്തിന് കാരണക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

പരിക്കേറ്റ സാഹിദുല്ലയുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അദ്ദേഹം ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി നഷ്ടപരിഹാരത്തിനുള്ള നിയമനടപടികൾ ആരംഭിച്ചു. അപകട റിപ്പോർട്ട്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രേഖകൾ എന്നിവ കോടതിയിൽ സമർപ്പിച്ചു.

ഈ രേഖകൾ പരിഗണിച്ച് പ്രാഥമിക കോടതി രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരവും, വിധി വന്നതുമുതൽ അഞ്ച് ശതമാനം പലിശയും, 3850 ദിർഹം മെഡിക്കൽ ഫീസും, 500 ദിർഹം വക്കീൽ ഫീസും നൽകണമെന്ന് വിധിച്ചു. ഇൻഷുറൻസ് കമ്പനി ഈ വിധിക്കെതിരെ അപ്പീൽ കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും അപ്പീൽ നൽകിയെങ്കിലും, രണ്ട് കോടതികളും പ്രാഥമിക കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.