ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ സുഡാന്‍ സ്വദേശിക്ക് 1.6 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ സുഡാന്‍ സ്വദേശിക്ക് 1.6 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം


ദുബായ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഡാന്‍ സ്വദേശി യാസിര്‍ യാസീന്‍ ഇബ്റാഹിമിന് ഒരു ലക്ഷത്തി അറുപതിനായിരം ദിര്‍ഹം (ഏകദേശം 2 കോടി 61 ലക്ഷം സുഡാനീസ് പൗണ്ട്) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു.
2024 മാര്‍ച്ച് 14-നാണ് റാസല്‍ ഖോര്‍ വ്യവസായ മേഖലയില്‍ വെച്ച് അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യാസിറിനെയും കൂടെയുണ്ടായിരുന്നവരെയും സിറിയന്‍ സ്വദേശി ഓടിച്ച ടൊയോട്ട കാംറി കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ യാസിറിന്റെ വലതുകാലിനും കാല്‍മുട്ടിനും ഒടിവ് സംഭവിക്കുകയും വാരിയെല്ലുകള്‍ക്കും താടിയെല്ലിനും കണ്ണുകള്‍ക്കും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സിറിയന്‍ സ്വദേശിക്കെതിരെ ക്രിമിനല്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും 3000 ദിര്‍ഹം പിഴ ചുമത്തി വിട്ടയക്കുകയും ചെയ്തിരുന്നു. തുടര്‍ ചികിത്സകള്‍ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാസിര്‍ യാബ് ലീഗല്‍ സര്‍വീസസിനെ സമീപിച്ചു.
യാസിറിന്റെ അഭിഭാഷകര്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ഇന്‍ഷൂറന്‍സ് തര്‍ക്കപരിഹാര കോടതിയില്‍ നഷ്ടപരിഹാര കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് പരിഗണിച്ച് കോടതി യാസിറിന് 1.6 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചു. ഇതിനുപുറമെ, വിധി വന്ന തീയതി മുതല്‍ മുഴുവനായും അടച്ച് തീര്‍ക്കുന്നത് വരെ അഞ്ച് ശതമാനം പലിശയും 3850 ദിര്‍ഹം മെഡിക്കല്‍ എക്‌സ്‌പെന്‍സും 500 ദിര്‍ഹം വക്കീല്‍ ഫീസും നല്‍കാനും കോടതി ഉത്തരവിട്ടു.
വിധിയിലെ തുക കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും, യാബ് ലീഗല്‍ സര്‍വീസസിലെ അഭിഭാഷകര്‍ ശക്തമായ എതിര്‍വാദം വാദങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അപ്പീല്‍ കോടതി കേസ് തള്ളുകയും പ്രഥമ കോടതിയുടെ വിധി ശരിവെക്കുകയും ചെയ്തു.