ഒന്നര മില്യണ്‍ ദിർഹം തട്ടിപ്പ് കേസ്: കണ്ണൂർ സ്വദേശിയെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി
ഒന്നര മില്യണ്‍ ദിർഹം തട്ടിപ്പ് കേസ്: കണ്ണൂർ സ്വദേശിയെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി


ഷാർജ: ഒന്നര മില്യണ്‍ ദിർഹത്തിലധികം തട്ടിയെടുത്തു എന്ന കേസിൽ ഒരു മാസം തടവും പിഴയും നാടുകടത്തലും ശിക്ഷയായി വിധിച്ച ദുബായ് കോടതിയുടെ വിധി അപ്പീൽ കോടതി റദ്ദാക്കി. കണ്ണൂർ സ്വദേശിയെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് അനുകൂലമായ വിധിക്ക് വഴിയൊരുക്കിയത്. ദുബായിലെ അൽ-മുറഖബാത്ത് പോലീസ് സ്റ്റേഷൻ്റെ അധികാരപരിധിയിലുള്ള ഒരു ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം, 2022 ഒക്ടോബർ മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ 1,685,361.11 ദിർഹം തട്ടിയെടുത്തു എന്നതായിരുന്നു കേസ്. ഈ കേസിൽ വിചാരണ നടത്തിയ ഒന്നാം ഘട്ട കോടതി, 2024 നവംബർ 28-ന് ഒരു മാസത്തെ തടവിനും 1,685,361.11 ദിർഹം പിഴയായി അടക്കാനും തുടർന്ന് രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിട്ടിരുന്നു. എന്നാൽ, അപ്പീൽ കോടതിയുടെ പരിശോധനയിൽ, പ്രതിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തി. പരാതിക്കാർ സമർപ്പിച്ച കൺസൾട്ടൻസി റിപ്പോർട്ട് ഒപ്പോ, സീലോ, തീയതിയോ ഇല്ലാത്തതിനാൽ വിശ്വസനീയമല്ലെന്നും, പ്രതി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള കാലത്തെ തുകകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിനാൽ ആരോപണങ്ങൾ അസാധുവാണെന്നും കോടതി വിലയിരുത്തി. ഈ കാരണങ്ങളാൽ, അപ്പീൽ കോടതി ഒന്നാം കോടതിയുടെ വിധി റദ്ദാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.