ഷാർജ വാഹനാപകടം: റിസ്വാൻ അഹമ്മദിന് 18.5 ലക്ഷം പാകിസ്താൻ രൂപ നഷ്ടപരിഹാരം
ഷാർജ വാഹനാപകടം: റിസ്വാൻ അഹമ്മദിന് 18.5 ലക്ഷം പാകിസ്താൻ രൂപ നഷ്ടപരിഹാരം


ഷാർജ: ഷാർജയിലെ അൽ ഖാൻ ഏരിയയിൽ (അൽ ഖാലിദിയ്യ സ്ട്രീറ്റ്) കാറുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി റിസ്വാൻ അഹമ്മദ് മുഹമ്മദ് റംസാന് 24,000 ദിർഹംസ് (ഏകദേശം 18.5 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി പുറപ്പെടുവിച്ചു. റിസ്വാൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിന്റെ ഇൻഷുറൻസ് കമ്പനിയാണ് ഈ തുക നൽകേണ്ടത്.
2024 ജനുവരി 14 ഞായറാഴ്ചയാണ് അപകടം നടന്നത്. റിസ്വാൻ അഹമ്മദ് തന്റെ മോട്ടോർ സൈക്കിൾ അൽ ഖാലിദിയ്യ സ്ട്രീറ്റിലൂടെ ഓടിക്കുകയായിരുന്നു. അശ്രദ്ധമായും മതിയായ മുൻകരുതലുകളില്ലാതെയും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാതെയും ഡ്രൈവ് ചെയ്തത് അപകടത്തിന് കാരണമായി. മുന്നിൽ അതേ പാതയിൽ സഞ്ചരിച്ചിരുന്ന സുഡാൻ സ്വദേശി ഓടിച്ചിരുന്ന കിയ മോഡൽ കാറിൽ റിസ്വാന്റെ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.
അപകടത്തിൽ റിസ്വാന് കാലിന് സാരമായി പരിക്കേറ്റു. തുടർന്ന് അദ്ദേഹത്തെ അൽ ഖാസിമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ക്രിമിനൽ കേസിന്റെ വിചാരണയിൽ, ശ്രദ്ധക്കുറവിന് റിസ്വാന് 1000 ദിർഹംസ് പിഴ ചുമത്തുകയും ചെയ്തിരുന്നു.
ശേഷം യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നഷ്ടപരിഹാര കേസ് രജിസ്റ്റര്‍ ചെയ്യുകയും, കേസിൽ ഇൻഷുറൻസ് കമ്പനി 24,000 ദിർഹംസ് നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.