ക്രെയ്ൻ അപകടത്തിൽ മരിച്ച പാകിസ്താൻ സ്വദേശിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം ലഭിച്ചു
ക്രെയ്ൻ അപകടത്തിൽ മരിച്ച പാകിസ്താൻ സ്വദേശിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം ലഭിച്ചു


ദുബായ്: 2021 ഡിസംബർ 9-ന് ദുബായിൽ വെച്ച് ക്രെയ്ൻ തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട പാകിസ്താൻ സ്വദേശി മഅ്മൂൻ ഖാന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം (ഏകദേശം 1 കോടി 55 ലക്ഷം പാക് രൂപ) ദിയാധനമായി ലഭിച്ചു. ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിന് സമീപത്താണ് അപകടം നടന്നത്. മഅ്മൂൻ ഖാൻ അപകടം നടന്ന കമ്പനിയിലെ ക്രെയ്ൻ ഓപ്പറേഷൻ അസിസ്റ്റന്റ് ആയിരുന്നു.
500 കിലോ ഭാരവും 8 ഇഞ്ച് വ്യാസവും 22 മീറ്റർ നീളവുമുള്ള ഒരു പൈപ്പ് വലിക്കുന്നതിനിടെയാണ് ലിഫ്റ്റിംഗ് ക്രെയ്ൻ തകർന്ന് വിശ്രമമുറിയുടെ മേൽക്കൂരയിലേക്ക് പതിച്ചത്. ഇതിന്റെ ഫലമായി മഅ്മൂൻ ഖാന്റെ നെഞ്ചിന് ഗുരുതരമായി പരിക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
ലിഫ്റ്റിംഗ് ക്രെയ്‌നിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും, നിരീക്ഷണത്തിനായി ദുബായ് മുനിസിപ്പാലിറ്റി അംഗീകരിച്ച യോഗ്യതയുള്ള എഞ്ചിനീയറിംഗ് സൂപ്പർവൈസറെ നിയമിക്കുന്നതിലും വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് സൂപ്പർവൈസറായ ഈജിപ്ഷ്യൻ സ്വദേശി, ക്രെയ്ൻ ഡ്രൈവറായ പാകിസ്താൻ സ്വദേശി, സെക്യൂരിറ്റി ഓഫീസറായ സിംബാബ്‌വെ സ്വദേശി, തൊഴിലാളിയായ പാകിസ്താൻ സ്വദേശി എന്നിവരടക്കം നാല് പേരെ പോലീസ് പ്രതിചേർക്കുകയും ഒരു മാസം തടവും രണ്ടായിരം ദിർഹം പിഴയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
മഅ്മൂൻ ഖാന്റെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളുമടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ മരണത്തോടെ അനാഥമായ അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിൽ മഅ്മൂനിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും കുടുംബത്തിന് നഷ്ടപരിഹാരം നേടിത്തരണം എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. അദ്ദേഹം കേസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
സ്പെഷ്യൽ പവർ ഓഫ് അറ്റോർണി, ക്രിമിനൽ കേസ് വിധി, നിയമപരമായ അവകാശികളുടെ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ ആവശ്യമായ രേഖകൾ കോടതിയിൽ സമർപ്പിച്ചു. രേഖകൾ പരിശോധിച്ച കോടതി, ദിയാധനമായി രണ്ട് ലക്ഷം ദിർഹംസ് നൽകാൻ ഉത്തരവിടുകയായിരുന്നു.