ദുബായ് വാഹനാപകടം: മരിച്ച പാകിസ്ഥാൻ പൗരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം

ദുബായ് വാഹനാപകടം: മരിച്ച പാകിസ്ഥാൻ പൗരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം

11/17/2025

ദുബായ്: 2021 നവംബർ 8-ന് ദുബായിലെ ഇന്റർനാഷണൽ സിറ്റിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട പാകിസ്ഥാൻ പൗരനായ ആരിഫ് അലി അമാനത്ത് അലിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം (ഏകദേശം 1 കോടി 50 ലക്ഷം പാകിസ്ഥാൻ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

2021 നവംബർ 8-ന് ഇന്റർനാഷണൽ സിറ്റിയിൽ വെച്ച് അശ്രദ്ധയോടെയും മുന്നിലുള്ള വാഹനത്തിൽ നിന്ന് ആവശ്യമായ അകലം പാലിക്കാതെയും ആരിഫ് അലി ഓടിച്ച കാർ, ഒരു ചൈനീസ് പൗരൻ ഓടിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആരിഫ് അലി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടത്തിൽ പ്രതി മരിച്ചതിനാൽ ക്രിമിനൽ കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു.

ഭാര്യയും ഒരു പെൺകുട്ടിയും പ്രായമായ ഉമ്മയും അടങ്ങുന്നതാണ് ആരിഫ് അലിയുടെ കുടുംബം. മരിച്ച ആരിഫ് അലിയുടെ ബന്ധുക്കൾ നഷ്ടപരിഹാരം തേടി YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും കേസ് ഏൽപ്പിക്കുകയും ചെയ്തു.

സ്‌പെഷ്യൽ പവർ ഓഫ് അറ്റോർണി, സോൾ ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ് (കുടുംബത്തിന്റെ ഏക ആശ്രയം ആണെന്നുള്ള സർട്ടിഫിക്കറ്റ്) ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ രേഖകളും സഹിതം കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു.

അപകടത്തിന് കാരണമായ ആരിഫ് അലിയുടെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി, മരിച്ച ആരിഫ് അലിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു. കൂടാതെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ 5 ശതമാനം പലിശയും ഇൻഷുറൻസ് കമ്പനി നൽകണമെന്നും കോടതി ഉത്തരവിട്ടു.