പാക് പൗരന് ഷാർജയിൽ വാഹനാപകടത്തിൽ 20,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

പാക് പൗരന് ഷാർജയിൽ വാഹനാപകടത്തിൽ 20,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

7/17/2025

ഷാർജ: ഷാർജയിലെ സനായിയ്യയിൽ വെച്ച് ഡെലിവറി ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ പാകിസ്താൻ സ്വദേശി അലി ഉൽ ഹഖ് ലിയാഖത്ത് അലിക്ക് 20,000 യു.എ.ഇ ദിർഹം (ഏകദേശം 15.5 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി പുറപ്പെടുവിച്ചു. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമസഹായത്തിലൂടെയാണ് ഈ വിധി നേടിയെടുത്തത്. കൂടാതെ, ചികിൽസാ ചിലവുകൾക്കായി 3850 ദിർഹമും നൽകാനും ഉത്തരവിട്ടിട്ടുണ്ട്.

2022 ജൂൺ 11-നാണ് അപകടം നടന്നത്. സനായിയ്യ 15-ലൂടെ ഡെലിവറി ബൈക്കുമായി പോവുകയായിരുന്ന അലി ഉൽ ഹഖിന്റെ മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ, അലിയും ബ്രേക്ക് ചെയ്യുകയും നിയന്ത്രണം വിട്ട് മോട്ടോർ സൈക്കിൾ മറിയുകയുമായിരുന്നു. അപകടത്തിൽ അലിയുടെ കൈകൾക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റതിനെ തുടർന്ന് കുവൈത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

തുടക്കത്തിൽ, അപകടത്തിൽ അലി ഉൽ ഹഖിന്റെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് എടുക്കുകയും 1000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. അപകടത്തിൽ തെറ്റ് അലിയുടെ ഭാഗത്തായിരുന്നത് കൊണ്ട് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് പലരും പറഞ്ഞിരുന്നെങ്കിലും, സാമ്പത്തിക സഹായം അത്യാവശ്യമായിരുന്ന അലിക്ക് വേണ്ടി സലാം പാപ്പിനിശ്ശേരി കേസ് ഏറ്റെടുക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

അലിയുടെ മോട്ടോർ സൈക്കിളിന്റെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി കൊണ്ടാണ് നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തത്. അപകട റിപ്പോർട്ടിന്റെ പകർപ്പ്, വാഹന ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് പോളിസി, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, വക്കാലത്ത്, പരാതിക്കാരന്റെ തിരിച്ചറിയൽ കാർഡ്, എതിർകക്ഷിക്ക് അയച്ച ഇമെയിൽ പരസ്യം, തർക്കത്തിനുള്ള ഫീസ് അടച്ച രസീത് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കുകയും വാദങ്ങൾ നിരത്തുകയും ചെയ്തു. സമർപ്പിച്ച രേഖകളും വാദങ്ങളും പരിശോധിച്ച ഇൻഷുറൻസ് അതോറിറ്റി, അലി ഉൽ ഹഖിന് 20,000 ദിർഹം നഷ്ടപരിഹാരമായി നൽകാനും മെഡിക്കൽ ചെലവിനായി 3850 ദിർഹമും നൽകാനും വിധി പുറപ്പെടുവിക്കുകയായിരുന്നു.