സുരക്ഷാ വീഴ്ച ദുരിതമായി: കുഴിയിടിഞ്ഞ് പരിക്കേറ്റ പാക് തൊഴിലാളിക്ക് 20,000 ദിർഹം നഷ്ടപരിഹാരം
സുരക്ഷാ വീഴ്ച ദുരിതമായി: കുഴിയിടിഞ്ഞ് പരിക്കേറ്റ പാക് തൊഴിലാളിക്ക് 20,000 ദിർഹം നഷ്ടപരിഹാരം


ദുബായ്: സുരക്ഷാ വീഴ്ചയെ തുടർന്ന് കുഴി ഇടിഞ്ഞ് പരിക്കേറ്റ പാകിസ്താൻ സ്വദേശിയായ ഖൈസർ സമാൻ വാലി മുഹമ്മദിന് ദുബായ് സിവിൽ കോടതി 20,000 ദിർഹം (15 ലക്ഷം പാക് രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
ബിൽഡിങ് വർക്കറായി ജോലി ചെയ്തിരുന്ന ഖൈസറിന് 2024 ജൂൺ 24 വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് അൽ ഖവാനീജ് അൽ ഥാനിയ പ്രദേശത്ത് മലിനജല സംവിധാനം സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു സംഭവം.
ഏകദേശം 4 മീറ്റർ ആഴമുള്ള ഒരു കുഴിയിൽ മലിനജല പൈപ്പ് സ്ഥാപിക്കുന്നതിനിടെ കുഴിയുടെ വക്കിലുണ്ടായിരുന്ന മണ്ണ് പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ഈ അപകടത്തിൽ ഖൈസറുൾപ്പെടെ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഖൈസറിനെ ഉടൻതന്നെ അൽ നഹ്ദയിലെ എൻ.എം.സി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിലെ സുരക്ഷാ വീഴ്ചയെത്തുടർന്ന്, ദുബായ് ക്രിമിനൽ കോടതി നേരത്തെ സിവിൽ എഞ്ചിനീയർക്കും സുരക്ഷാ മേധാവിക്കും 1000 ദിർഹം വീതം പിഴ ചുമത്തിയിരുന്നു.
പരിക്കേറ്റ ഖൈസറിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നതിനായി അദ്ദേഹത്തിൻ്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ക്രിമിനൽ കേസ് ജഡ്‌ജ്‌മെന്റ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സഹിതം ഖൈസർ ജോലി ചെയ്യുന്ന കമ്പനിയെയും ഇൻഷൂറൻസ് കമ്പനിയെയും എതിർകക്ഷിയായി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് പരിഗണിച്ച കോടതി, ഇരു കമ്പനികളും ചേർന്ന് 20,000 ദിർഹം നഷ്ടപരിഹാരമായി ഖൈസറിന് നൽകണമെന്ന് വിധിച്ചു. കൂടാതെ, വിധി നടപ്പാക്കുന്നതുവരെ 5% പലിശയും 4600 ദിർഹം കേസ് ചെലവുകളും കമ്പനി നൽകേണ്ടതുണ്ട്.