ഷാര്‍ജ വാഹനാപകടം: പാകിസ്താൻ സ്വദേശിക്ക് 2.5 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

ഷാര്‍ജ വാഹനാപകടം: പാകിസ്താൻ സ്വദേശിക്ക് 2.5 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

7/5/2025

ഷാര്‍ജ: ഷാര്‍ജയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാകിസ്താന്‍ സ്വദേശി സാലിം മുഹമ്മദ് ഖാന്‍ മുഹമ്മദിന് 2,50,000 ദിര്‍ഹം (ഏകദേശം 1 കോടി 93 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ഈ അനുകൂല വിധിക്ക് വഴിയൊരുക്കിയത്.

2022 ഡിസംബര്‍ 24-ന് ഷാര്‍ജ അല്‍ മദാം റോഡിലെ അല്‍ നദ് സ്ട്രീറ്റില്‍ വെച്ചായിരുന്നു അപകടം. സലീം മുഹമ്മദും അദ്ദേഹത്തിന്റെ സുഹൃത്ത് സുഹൈലും പുലര്‍ച്ചെ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ഇമാറാത്തി സ്വദേശി ഓടിച്ച വാഹനം ഇവരെ ഇടിക്കുകയായിരുന്നു. കൂടാതെ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളെയും ഇതേ വാഹനം ഇടിച്ചു തെറിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സാലിമിനെയും സുഹൃത്തിനെയും അല്‍ ദൈദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

അപകടത്തിന് കാരണം ഇമാറാത്തി സ്വദേശിയുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും, അദ്ദേഹം കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് കോടതി 3500 ദിര്‍ഹം ഫൈന്‍ വിധിച്ച് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍, ഇടത് കൈ, വലത് കാല്‍, വാരിയെല്ല് ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ സാലിമിന് അപകടത്തെ തുടര്‍ന്ന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിരുന്നില്ല.

ഇതിനെത്തുടര്‍ന്നാണ് സാലിമിന്റെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. അദ്ദേഹം കേസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. ആവശ്യമായ രേഖകള്‍ സഹിതം അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കി ഇന്‍ഷുറന്‍സ് അതോറിറ്റിയിലാണ് നഷ്ടപരിഹാര കേസ് രജിസ്റ്റര്‍ ചെയ്തത്. കൃത്യമായ വാദങ്ങള്‍ അടങ്ങുന്ന മെമ്മോറാണ്ടം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സമര്‍പ്പിച്ച രേഖകളും വാദങ്ങളും വിശദമായി പരിശോധിച്ച കോടതി, സാലിമിന് 2,50,000 ദിര്‍ഹം (ഏകദേശം 1 കോടി 93 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.