അബുദാബി വാഹനാപകടം: പാകിസ്താൻ സ്വദേശിയുടെ കുടുംബത്തിന് 2.60 ലക്ഷം ദിർഹം നഷ്ടപരിഹാരം
അബുദാബി വാഹനാപകടം: പാകിസ്താൻ സ്വദേശിയുടെ കുടുംബത്തിന് 2.60 ലക്ഷം ദിർഹം നഷ്ടപരിഹാരം


അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പാകിസ്താൻ സ്വദേശി ഡാനിയൽ സാഫർ സാഫർ ഇഖ്ബാലിന്റെ (DANIAL ZAFFAR ZAFFAR IQBAL) കുടുംബത്തിന് രണ്ട് ലക്ഷത്തി അറുപതിനായിരം ദിർഹം (ഏകദേശം 1.97 കോടി പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. 2023 മെയ് 5-നായിരുന്നു കേസിനാസ്പദമായ ദാരുണമായ അപകടം നടന്നത്.
അബുദാബി - അൽ ഐൻ റോഡിലെ അൽ മഹ്‌വി ഭാഗത്ത് വെച്ചായിരുന്നു അപകടം. ഡാനിയൽ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ യമനി സ്വദേശി ഓടിച്ചിരുന്ന ലെക്സസ് കാർ ഇടിക്കുകയായിരുന്നു. മുൻപിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതെ വന്നതാണ് ലെക്സസ് കാർ ഇടിക്കാൻ കാരണമായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഡാനിയലിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന മറ്റൊരു കിയ കാർ കയറിയിറങ്ങി. എന്നാൽ ഈ വാഹനത്തിന്റെ ഡ്രൈവർ അപകടസ്ഥലത്ത് നിർത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും പോലീസ് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്.
ക്രിമിനൽ കോടതി വിധി പ്രകാരം, ഒന്നാം പ്രതിയായ ലെക്സസ് ഡ്രൈവർക്ക് അയ്യായിരം ദിർഹവും, രണ്ടാം പ്രതിയായ കിയ ഡ്രൈവർക്ക് രണ്ടായിരം ദിർഹവും പിഴ വിധിച്ചു. കൂടാതെ അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതിന് രണ്ടാം പ്രതിക്ക് ഇരുപതിനായിരം ദിർഹം അധിക പിഴയും ചുമത്തി. മരണപ്പെട്ട ഡാനിയലിന്റെ കുടുംബത്തിന് 'ദിയാധനമായി' (Blood Money) രണ്ട് ലക്ഷം ദിർഹം നൽകാനും ക്രിമിനൽ കോടതി ഉത്തരവിട്ടിരുന്നു.
എങ്കിലും, കുടുംബത്തിന്റെ ദയനീയാവസ്ഥ പരിഗണിച്ചും അർഹമായ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുമായി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ ഇൻഷുറൻസ് തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ദിയാധനം മാത്രം മതിയാകില്ലെന്നും സിവിൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തിന് കുടുംബത്തിന് അർഹതയുണ്ടെന്നും അഭിഭാഷകർ കോടതിയിൽ വാദിച്ചു.
രേഖകൾ പരിശോധിച്ച കോടതി, നേരത്തെ വിധിച്ച രണ്ട് ലക്ഷം ദിർഹത്തിന് പുറമെ, രണ്ട് വാഹനങ്ങളുടെയും ഇൻഷുറൻസ് കമ്പനികൾ ചേർന്ന് അറുപതിനായിരം ദിർഹം കൂടി അധികമായി നൽകണമെന്ന് വിധിക്കുകയായിരുന്നു. ഇതോടെ ആകെ 2,60,000 ദിർഹം ഡാനിയലിന്റെ കുടുംബത്തിന് ലഭിക്കും. ഉമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് ഡാനിയലിന്റെ കുടുംബം.
