ഷാർജ അപകടം: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന്‌ 3 ലക്ഷം ദിർഹം നഷ്ടപരിഹാരം

ഷാർജ അപകടം: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന്‌ 3 ലക്ഷം ദിർഹം നഷ്ടപരിഹാരം

11/11/2025

ഷാർജ: മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇമാറാത്തി പൗരന്റെ കേസിൽ, ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന്‌ യു... കോടതി വൻതുക നഷ്ടപരിഹാരം നൽകാൻ വിധിച്ചു.

2019 ജനുവരി 1-ന് ഷാർജയിലെ മലീഹയിൽ നടന്ന റോഡപകടത്തിൽ പരിക്കേറ്റ അശോക് അഡെപ്പുവിനാണ് (Ashok Adepu) 300,000 ദിർഹം (ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയത്. വിധി വന്ന തീയതി മുതൽ തുക പൂർണമായി അടച്ചു തീർക്കുന്നത് വരെ 9% പലിശയും നൽകണം.

അപകടം നടന്ന ദിവസം, വലത് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന അശോകിന്റെ കാറിലേക്ക്, ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ലൈൻ മാറി വന്ന ഇമാറാത്തി സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. ഇമാറാത്തി സ്വദേശി മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പ്രതി കുറ്റം സമ്മതിച്ചു.

ക്രിമിനൽ കോടതി, പ്രതിക്ക് 80 അടി അടിക്കാനും 12,000 ദിർഹം പിഴ ചുമത്താനും 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നേരത്തെ വിധിച്ചിരുന്നു.

നഷ്ടപരിഹാര കേസ്

അപകടത്തിൽ അശോകിന് തലയോട്ടിക്കുള്ളിൽ രക്തസ്രാവം, ശ്വാസകോശത്തിന് ക്ഷതം, നെഞ്ചിലും കൈകളിലും സാരമായ പരിക്കുകൾ എന്നിവ സംഭവിച്ചിരുന്നു. ക്രിമിനൽ വിധി വന്ന ശേഷവും പരിക്കുകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് അശോകിന്റെ ബന്ധുക്കൾ നിയമസഹായത്തിനായി യാബ് ലീഗൽ സർവീസസ് സി... സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്.

മെഡിക്കൽ റിപ്പോർട്ടുകൾ, ക്രിമിനൽ കേസ് വിധി തുടങ്ങിയ എല്ലാ രേഖകളും സഹിതം സലാം പാപ്പിനിശ്ശേരി ഇൻഷുറൻസ് കോടതിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ചാണ് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്.