ദുബായിലെ വാഹനാപകടം: മലയാളി കുടുംബത്തിന് 3 ലക്ഷം ദിർഹം നഷ്ടപരിഹാരം

ദുബായിലെ വാഹനാപകടം: മലയാളി കുടുംബത്തിന് 3 ലക്ഷം ദിർഹം നഷ്ടപരിഹാരം

12/4/2025

ദുബായ്: 2023 മാർച്ച് 20-ന് ദുബായിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം, അഴൂർ സ്വദേശി നിഖിൽ പ്രസന്നൻ ലീലായുടെ കുടുംബത്തിന് ദിയാമണി (ബ്ലഡ് മണി) അടക്കം 3 ലക്ഷം ദിർഹം (ഏകദേശം 72 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി ലഭിച്ചു.

മരണപ്പെട്ട നിഖിലിന്റെ ബന്ധുക്കൾ ദുബായിലെ പ്രമുഖ സ്ഥാപനമായ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും, അദ്ദേഹം കേസ് ഏറ്റെടുക്കുകയുമായിരുന്നു.

നിഖിലിന്റെ കുടുംബത്തിന് നിയമപരമായ സഹായം നൽകുന്നതിനായി, ബ്രഡ് വിന്നർ സർട്ടിഫിക്കറ്റ്, ലീഗൽ ഹയേർസ് സർട്ടിഫിക്കറ്റ് തുടങ്ങി ആവശ്യമായ എല്ലാ രേഖകളും ശേഖരിച്ച് യാബ് ലീഗൽ സർവീസസ് മുഖേന തരിഖാത് കേസ് രജിസ്റ്റർ ചെയ്യുകയും, ദുബായ് ക്രിമിനൽ കോടതിയിൽ നിന്ന് പ്രാഥമികമായി ദിയാമണി (ബ്ലഡ് മണി) ലഭ്യമാക്കുകയും ചെയ്തു.

ദുബായിലെ ജബൽ അലി അൽ ഹബാബ് സ്ട്രീറ്റിൽ ഡ്രെയിനേജ് ജോലികൾ നടക്കുന്ന സ്ഥലത്തുവെച്ചാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ട്രാക്കിൽ നിന്ന് പെട്ടെന്ന് വ്യതിചലിച്ചതിനെത്തുടർന്ന് റോഡിന്റെ ഇടതുവശത്തെ പാതയിൽ മറിയുകയായിരുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലെ യാത്രക്കാരനായിരുന്ന നിഖിൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. വാഹനമോടിച്ച ഇന്ത്യക്കാരനായ ഡ്രൈവർക്ക് പരിക്കേൽക്കുകയും എൻ.എം.സി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വാഹനാപകടത്തെത്തുടർന്ന്, അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് ദുബായ് ക്രിമിനൽ കോടതി 10,000 ദിർഹം പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും വിധിച്ചു. കൂടാതെ, മരണപ്പെട്ട നിഖിലിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാമണി (ബ്ലഡ് മണി) നൽകാൻ ഉത്തരവിടുകയും ചെയ്തു.

ക്രിമിനൽ കോടതി വിധിച്ച തുക അപര്യാപ്തമാണെന്ന് മനസ്സിലാക്കിയ നിഖിലിന്റെ ബന്ധുക്കളുടെ അഡ്വക്കറ്റ്, കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇൻഷുറൻസ് അതോറിറ്റിയിലും സിവിൽ അപ്പീലിലുമായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഈ സിവിൽ കേസിൽ, ദിയാമണിക്ക് പുറമെ ഒരു ലക്ഷം ദിർഹം കൂടി നഷ്ടപരിഹാരമായി നൽകാനും, വിധി വന്നത് മുതൽ പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ 5% പലിശയും 500 ദിർഹം അഡ്വക്കറ്റ് ഫീസും നൽകാനും കോടതി വിധിച്ചു.

ഈ വിധികൾ പ്രകാരം, ക്രിമിനൽ കോടതി വിധിച്ച 2 ലക്ഷം ദിർഹം ദിയാമണിക്ക് പുറമെ ഇൻഷുറൻസ് അതോറിറ്റി വിധിച്ച 1 ലക്ഷം ദിർഹം നഷ്ടപരിഹാരം കൂടി ചേർന്ന് കുടുംബത്തിന് ആകെ 3 ലക്ഷം ദിർഹം ലഭിച്ചു.