വാഹനാപകടത്തിൽ പരിക്കേറ്റ നേപ്പാൾ പൗരന് അജ്മാൻ കോടതി 3 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ നേപ്പാൾ പൗരന് അജ്മാൻ കോടതി 3 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചു

1/13/2026

അജ്മാൻ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേപ്പാൾ സ്വദേശി ഗോപാൽ ബഹദൂറിന് അജ്മാൻ കോടതി 3 ലക്ഷം ദിർഹം (ഏകദേശം 1 കോടി 17 ലക്ഷം നേപ്പാളീസ് രൂപ) നഷ്ടപരിഹാരം വിധിച്ചു.

2023 ജൂൺ 23-നാണ് അപകടം നടന്നത്. അജ്മാനിലെ അൽജർഫ് - ഷെയ്ഖ് സായിദ് റോഡിൽ, അൽ ഹമീദിയ പോലീസ് സ്റ്റേഷന് എതിർവശത്തായിരുന്നു സംഭവം. അൽ ഹമീദിയ സ്ട്രീറ്റിൽ നിന്ന് വരികയായിരുന്ന ഒരു മിത്സുബിഷി ഫ്യൂസോയുടെ ഇന്ത്യൻ ഡ്രൈവർ ട്രാഫിക് ലൈറ്റ് മറികടന്ന് ഷെയ്ഖ് സായിദ് സ്ട്രീറ്റിൽ നിന്ന് വരികയായിരുന്ന മറ്റൊരു വാഹനത്തിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന്റെ ഫലമായി മിത്സുബിഷി വാഹനത്തിന്റെ ഡ്രൈവർക്കും, അതിലുണ്ടായിരുന്ന ഗോപാൽ ബഹദൂർ അടക്കം രണ്ട് പേർക്കും പരിക്കേറ്റു. ഇവരെ ഉടൻതന്നെ അജ്മാനിലെ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഗോപാൽ ബഹദൂറിന് തലയ്ക്കും മുഖത്തും നെഞ്ചിനും ഇടുപ്പിനും സാരമായി പരിക്കേറ്റിരുന്നു.

പോലീസ് അന്വേഷണത്തിൽ, റെഡ് ലൈറ്റ് മറികടന്ന ഇന്ത്യൻ ഡ്രൈവറാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് ക്രിമിനൽ കേസിൽ ഇന്ത്യൻ ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി.

അപകടത്തിൽ പരിക്കേറ്റ ഗോപാൽ ബഹദൂറിന്റെ ബന്ധുക്കൾ YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. അദ്ദേഹം കേസ് ഏറ്റെടുക്കുകയും, മിത്സുബിഷി വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി, വ്യക്തമായ നിയമപരമായ വാദങ്ങൾ ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം എന്നിവ സഹിതം അദ്ദേഹം കോടതിയിൽ തെളിവുകൾ സമർപ്പിച്ചു.

ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി, ഗോപാൽ ബഹദൂറിന് 3 ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാനും, വിധി വന്ന തീയതി മുതൽ പൂർണ്ണമായി അടച്ചു തീർക്കുന്നതുവരെ 5 ശതമാനം പലിശയും നൽകാനും ഉത്തരവിട്ടു.