ദുബായ് അപകടത്തിൽപ്പെട്ടയാൾക്ക് 30 ലക്ഷം പാക്കിസ്ഥാൻ രൂപ നഷ്ടപരിഹാരം നൽകി
ദുബായ് ജുമൈറയില്‍ വെച്ച് പരിക്കേറ്റ പാകിസ്താന്‍ സ്വദേശി മുഹമ്മദ് സുബൈര്‍ മുഹമ്മദ് ഷാഫിക്ക് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ മുപ്പത് ലക്ഷം പാകിസ്താന്‍ രൂപ (നാല്‍പതിനായിരം ദിര്‍ഹം) നല്‍കാന്‍ കോടതി വിധി


ദുബായ്: 2023 ഒക്ടബോര്‍ 28 ന് ദുബായിലെ ജുമൈറ സ്‌ക്വയറില്‍ വെച്ച് സിറിയന്‍ സ്വദേശി ഓടിച്ച കാര്‍ സുബൈറിന്റെ ബൈക്കിന് ഇടിച്ചാണ് അപകടമുണ്ടായത്. റൗണ്ട് അബൗട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒഴിഞ്ഞതാണെന്ന് ഉറപ്പിക്കാതെ പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ സുബൈറിനെ ദുബായ് റാഷിദ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചികിത്സ നല്‍കുകയും ചെയ്തു.
കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് എടുക്കുകയും സിറിയന്‍ സ്വദേശിയായ ഡ്രൈവറുടെ ഭാഗത്താണ് വീഴ്ചയെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ അദ്ദേഹം രണ്ടായിരം ദിര്‍ഹം ഫൈന്‍ അടക്കാന്‍ വിധിക്കുകയും ചെയ്തു.
വാഹനാപകടത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റ സുബൈറിന് നഷ്ടപരിഹാരമായി ഒന്നും ലഭിച്ചിരുന്നില്ല. ശേഷം അദ്ദേഹം യാബ് ലീഗല്‍ സര്‍വീസസ് സി.ഇ. ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും കേസ് ഏല്‍പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അഡ്വക്കറ്റുമാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ക്രിമിനല്‍ കേസ് ജഡ്ജ്‌മെന്റ്, മെമ്മോറാണ്ടം തുടങ്ങി ആവശ്യമായ രേഖകള്‍ സഹിതം ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ നഷ്ടപരിഹാര കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തിന് കാരണമായ കാര്‍ ഇന്‍ഷൂര്‍ ചെയ്ത ഇന്‍ഷൂറന്‍സ് കമ്പനിയെ എതിര്‍കക്ഷി ആക്കി കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി കേസ് പരിഗണിക്കുകയും സുബൈറിന് നാല്‍പതിനായിരം ദിര്‍ഹം(30 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.