അൽ ഐൻ അപകടം: സൽമാൻ ആസിഫിന് 30 ലക്ഷം പാകിസ്താൻ രൂപ നഷ്ടപരിഹാരം

അൽ ഐൻ അപകടം: സൽമാൻ ആസിഫിന് 30 ലക്ഷം പാകിസ്താൻ രൂപ നഷ്ടപരിഹാരം

11/16/2025

ഷാർജ: അൽ ഐൻ – സാഖിർ മേഖലയിൽ വെച്ച് 2024 മെയ് 1-ന് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി സൽമാൻ ആസിഫിന് 40,000 യുഎഇ ദിർഹം (ഏകദേശം 30 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി.

2024 മെയ് 1-ന് പാർക്കിംഗ് ഏരിയയിലൂടെ തെക്ക് നിന്ന് വടക്കോട്ട് യാത്ര ചെയ്യുകയായിരുന്ന സൽമാൻ ആസിഫ്, റോഡിലെ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ അമിത വേഗതയിൽ സഞ്ചരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിഞ്ഞ് അപകടം സംഭവിക്കുകയുമായിരുന്നു. ഈ അപകടത്തിൽ സൽമാന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റു.

അപകടത്തിന് കാരണമായത് സൽമാൻ ആസിഫിൻ്റെ ഭാഗത്തുണ്ടായ പിഴവാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് 3000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, പരിക്കേറ്റ സൽമാന് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.

കേസ് ഏറ്റെടുത്ത സലാം പാപ്പിനിശ്ശേരി, മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് ജഡ്ജ്‌മെൻ്റ് എന്നിവ ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ രേഖകളും സഹിതം സൽമാൻ ആസിഫിൻ്റെ വാഹനത്തിൻ്റെ ഇൻഷുറൻസ് കമ്പനിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു.

കേസ് പരിഗണിച്ച കോടതി, സൽമാൻ ആസിഫിന് 40,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. ഇതുകൂടാതെ, 5 ശതമാനം വാർഷിക പലിശ, 3850 ദിർഹം മെഡിക്കൽ ഫീസ്, 500 ദിർഹം അഭിഭാഷക ഫീസ് എന്നിവയും നൽകണമെന്നും കോടതി വിധിച്ചു.