ഫുജൈറയില്‍ റോഡ് ക്രോസ്സിംഗിനിടെ അപകടം: പാക് സ്വദേശിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ഫുജൈറയില്‍ റോഡ് ക്രോസ്സിംഗിനിടെ അപകടം: പാക് സ്വദേശിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

11/4/2025

ഷാര്‍ജ: ഫുജൈറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി അബ്ദുറഹീം സർദാദ് ഖാന് (Abdul Rahim Zar Dad Khan), 40,000 ദിർഹം (ഏകദേശം 30 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് നഷ്ടപരിഹാര കോടതി വിധി പുറപ്പെടുവിച്ചു. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലാണ് ഈ സുപ്രധാന വിധിക്ക് വഴിയൊരുക്കിയത്.

2024 ജൂൺ 2-ന് ഖോർഫക്കാനിലേക്കുള്ള ദിശയിൽ ഫുജൈറയിലെ ഖിദ്ഫ – മുർബഹ് പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കാൻ കുറച്ച് കാൽനടയാത്രക്കാർ കാത്തുനിൽക്കുമ്പോൾ രണ്ട് വാഹനങ്ങൾ നിർത്തിക്കൊടുത്തിരുന്നു. ഈ സമയം റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു അറബ് പൗരൻ ഓടിച്ച കാർ അബ്ദുറഹീമിനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ഖോർഫക്കാൻ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ അബ്ദുറഹീമിന് കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു, തലയിലും കഴുത്തിലും മുറിവുകളുണ്ടായി. ഫോറൻസിക് റിപ്പോർട്ട് പ്രകാരം, കൈയുടെ പ്രവർത്തനക്ഷമതയിൽ 15 ശതമാനവും, കാലിന്റെ പ്രവർത്തനക്ഷമതയിൽ 20 ശതമാനവും കുറവുണ്ടായതായി സ്ഥിരീകരിച്ചു. ചികിത്സകൾക്ക് ശേഷവും ഇദ്ദേഹം ഊന്നുവടി ഉപയോഗിച്ചാണ് നടക്കുന്നത്. അപകടത്തിന് കാരണം കാൽനടയാത്രക്കാരെ പരിഗണിക്കാതിരുന്ന ഡ്രൈവറുടെ പിഴവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ക്രിമിനൽ കേസിൽ അറബ് പൗരന് ആദ്യം 5,000 ദിർഹംസ് പിഴ വിധിച്ചിരുന്നെങ്കിലും അപ്പീൽ കോടതിയിൽ ഇത് 2,000 ദിർഹമായി കുറച്ചു. ക്രിമിനൽ വിധി വന്ന ശേഷം നഷ്ടപരിഹാരം തേടിയാണ് അബ്ദുറഹീമിന്റെ ബന്ധുക്കൾ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. ആവശ്യമായ ഫോറൻസിക് റിപ്പോർട്ട്, ക്രിമിനൽ കേസ് വിധി തുടങ്ങിയ രേഖകൾ സഹിതം, എതിർകക്ഷിയായി വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെ ചേർത്ത് കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച കോടതി അബ്ദുറഹീം സർദാദ് ഖാന് 40,000 ദിർഹംസ് നഷ്ടപരിഹാരമായി നൽകാൻ വിധിച്ചു. ഇതിനുപുറമെ, തുക പൂർണ്ണമായും അടച്ചുതീർക്കുന്നത് വരെ 5% പലിശയും 4,100 ദിർഹംസ് മെഡിക്കൽ ടെസ്റ്റ് ചെയ്യുന്നതിനുള്ള തുകയും നൽകാനും ഉത്തരവിട്ടു. നഷ്ടപരിഹാര കോടതിയുടെ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും, കോടതി ആ അപ്പീൽ തള്ളിക്കളയുകയായിരുന്നു.