ദുബായ് കറാമയിൽ കാർ അപകടത്തിൽപ്പെട്ട പാകിസ്ഥാൻ പൗരന് 30,000 ദിർഹം നഷ്ടപരിഹാരം ലഭിച്ചു

ദുബായ് കറാമയില്‍ വെച്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ പാകിസ്താന്‍ സ്വദേശി ദാനിഷ് അസ്‌ലം മുഹമ്മദ് അസ്‌ലമിന് മുപ്പതിനായിരം ദിര്‍ഹം (2317000 പാകിസ്താന്‍ രൂപ) നഷ്ടപരിഹാര തുക കൈമാറി

7/2/2025

ദുബായ്: 2023 ജൂലൈ 10-ന് ദുബായ് കറാമയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ സ്വദേശി ദാനിഷ് അസ്ലം മുഹമ്മദ് അസ്ലമിന് (Danish Aslam Muhammad Aslam) 30,000 ദിർഹം (2,317,000 പാകിസ്താൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു.

സംഭവദിവസം, ദാനിഷ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഒരു ഇന്ത്യക്കാരൻ ഓടിച്ചിരുന്ന കറുത്ത നിറത്തിലുള്ള റേഞ്ച് റോവറിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ മോട്ടോർ സൈക്കിൾ ഡ്രൈവർ തെറിച്ച് വീഴുകയും ഒരു ഇമാറാത്തി വനിത ഓടിച്ചിരുന്ന വെള്ള ടൊയോട്ട പ്രാഡോ കാറിൽ ഇടിക്കുകയും ചെയ്തു.

പോലീസ് അന്വേഷണത്തിൽ അപകടത്തിന് കാരണം ദാനിഷാണെന്ന് കണ്ടെത്തിയിരുന്നു. മതിയായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നിഗമനത്തിലെത്തിയതിനെ തുടർന്ന് ദാനിഷിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും 1000 ദിർഹം പിഴയടയ്ക്കാൻ കോടതി വിധിക്കുകയും ചെയ്തു.

അപകടത്തെ തുടർന്ന് ദാനിഷിന്റെ ഇടത് തോളിന് ഗുരുതരമായി പരിക്കേൽക്കുകയും സന്ധിയുടെ ചലനങ്ങൾ പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. സ്വന്തം ഭാഗത്ത് തെറ്റുള്ളതിനാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് പലരും ദാനിഷിനെ ധരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യാബ് ലീഗൽ സർവീസസ് (yab legal services) സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ ദാനിഷിന്റെ ബന്ധുക്കൾ സമീപിക്കുന്നത്. സലാം പാപ്പിനിശ്ശേരി കേസ് ഏറ്റെടുക്കുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

പരിക്കിന്റെ ആഴം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണി തുടങ്ങിയ രേഖകൾക്കൊപ്പം ശക്തമായ വാദങ്ങൾ അടങ്ങിയ മെമ്മോറാണ്ടം മുഖേന ഇൻഷൂറൻസ് അതോറിറ്റിയിൽ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. ദാനിഷിന്റെ വാഹനം ഇൻഷൂർ ചെയ്ത ഇൻഷൂറൻസ് കമ്പനിയെ എതിർകക്ഷിയാക്കിയാണ് കേസ് ഫയൽ ചെയ്തത്. ദാനിഷിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും വാദങ്ങളും പരിശോധിച്ച കോടതി, വാഹനത്തിന്റെ ഇൻഷൂറൻസ് കമ്പനി ദാനിഷിന് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയായിരുന്നു.