ദുബായില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ പാക് പൗരന് 30,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് കോടതി

ദുബായില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ പാക് പൗരന് 30,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് കോടതി

7/6/2025

ദുബായ്: ദുബായില്‍ വെച്ച് മോട്ടോര്‍ സൈക്കിളും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ പാകിസ്താന്‍ സ്വദേശി ആദില്‍ മുനീര്‍ മുനീര്‍ അഹ്‌മദിന് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ 30,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 23 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി.

2023 സെപ്തംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6.40 ന് ദുബായ് അല്‍ ഖൈല്‍ റോഡില്‍ നിന്ന് അല്‍ ജദാഫിലേക്ക് പോവുകയായിരുന്ന ആദില്‍ മുനീറിന്റെ മോട്ടോര്‍ സൈക്കിള്‍ ഇറ്റാലിയന്‍ സ്വദേശിനി ഓടിച്ച മിനി കൂപ്പര്‍ കാറുമായി കൂട്ടിയിടിച്ച് പരിക്കേല്‍ക്കുകയായിരുന്നു. ആദില്‍ മുനീര്‍ വലത് വശത്തുള്ള ആദ്യ ലൈനില്‍ നിന്ന് ഇടത്തേക്ക് ലൈന്‍ മാറുന്ന സമയത്താണ് അപകടം സംഭവിച്ചത്. ട്രാഫിക് നിയമം കൃത്യമായി പാലിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കോടതി കണ്ടെത്തി. നട്ടെല്ലിനും മറ്റു ശരീര ഭാഗങ്ങളില്‍ പരിക്കേറ്റ ആദിലിനെ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി.

തുടക്കത്തില്‍, അപകടത്തില്‍ ആദിലിന്റെ ഭാഗത്താണ് തെറ്റെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും 1000 ദിര്‍ഹം ഫൈന്‍ ചുമത്തുകയും ചെയ്തു. എന്നിരുന്നാലും, അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ആദിലിന് സാമ്പത്തിക സഹായം അത്യാവശ്യമായിരുന്നു. തെറ്റ് ആദിലിന്റെ ഭാഗത്തായത് കൊണ്ട് നഷ്ടപരിഹാരം ലഭിക്കില്ല എന്ന് പലരും പറഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുന്നത്. അദ്ദേഹം കേസ് ഏറ്റെടുക്കുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ആവശ്യമായ രേഖകള്‍ സഹിതം ആദിലിന്റെ മോട്ടോര്‍ സൈക്കിള്‍ ഇന്‍ഷൂര്‍ ചെയ്ത ഇന്‍ഷൂറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കി കൊണ്ട് നഷ്ടപരിഹാര കേസ് രജിസ്റ്റര്‍ ചെയ്തു. സമര്‍പിച്ച രേഖകളും വാദങ്ങളും പരിശോധിച്ച കോടതി ആദിലിന് നഷ്ടപരിഹാരമായി മുപ്പതിനായിരം ദിര്‍ഹം നല്‍കാന്‍ വിധിക്കുകയായിരുന്നു.