വാഹനാപകടത്തിൽ പരിക്കേറ്റ തെലങ്കാന സ്വദേശിക്ക് 30,000 ദിർഹം നഷ്ടപരിഹാരം
വാഹനാപകടത്തിൽ പരിക്കേറ്റ തെലങ്കാന സ്വദേശിക്ക് 30,000 ദിർഹം നഷ്ടപരിഹാരം


ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ തെലങ്കാന സ്വദേശി വാംഷി മുതെന്ന അബ്ബാനിക്ക് 30,000 ദിർഹം (ഏകദേശം 7 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി. അപകടത്തിന് കാരണക്കാരൻ വാംഷി ആണെങ്കിലും, YAB ലീഗൽ സർവീസസിൻ്റെ സി.ഇ.ഒ സലാം പാപ്പിനിശ്ശേരി നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ഈ തുക നേടിയെടുത്തത്.
2024 ഫെബ്രുവരി 23-ന് ദുബായ് അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചായിരുന്നു അപകടം. വാംഷി ഓടിച്ച മോട്ടോർ സൈക്കിൾ റോഡ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെ ഹൈവേയിലേക്ക് പ്രവേശിച്ചപ്പോൾ, അതേ ട്രാക്കിലൂടെ വന്ന പാകിസ്ഥാൻ സ്വദേശിയുടെ നിസ്സാൻ ടിഡ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാംഷിയുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹത്തെ എൻ.എം.സി. ജബൽ അലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിന് പ്രധാന കാരണം വാംഷിയുടെ അശ്രദ്ധയാണെന്ന് കണ്ടെത്തിയതിനാൽ, അദ്ദേഹത്തിനെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസിന് വലിയ പ്രാധാന്യമില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ക്രിമിനൽ കോടതി ഈ കേസ് പിന്നീട് റദ്ദാക്കുകയായിരുന്നു.
തെറ്റ് വാംഷിയുടെ ഭാഗത്തായതിനാൽ നഷ്ടപരിഹാരമൊന്നും ലഭിക്കില്ലെന്നായിരുന്നു ആദ്യഘട്ടത്തിലെ ധാരണ. എന്നാൽ, ഈ ഘട്ടത്തിൽ YAB ലീഗൽ സർവീസസിനെ സമീപിച്ചതോടെയാണ് കേസിന് വഴിത്തിരിവായത്. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ വാംഷിയുടെ മോട്ടോർ സൈക്കിളിന്റെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. അപകട റിപ്പോർട്ടിന്റെയും ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടിന്റെയും പകർപ്പുകൾ അടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചു.
രേഖകൾ പരിശോധിച്ച കോടതി, വാംഷിക്ക് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. അതോടൊപ്പം, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചുതീർക്കുന്നതുവരെ 5 ശതമാനം പലിശയും, കേസിന് വേണ്ടി മെഡിക്കൽ പരിശോധനകൾക്കായി ചെലവഴിച്ച 3,850 ദിർഹവും നൽകാനും കോടതി വിധിച്ചു.