വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ പൗരന് 30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി

വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ പൗരന് 30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി

7/29/2025

ദുബായ്: ദുബായിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ സ്വദേശി അലി റസ ആശിഖ് അലിക്ക് 30,000 ദിർഹം (ഏകദേശം 23.11 ലക്ഷം പാകിസ്ഥാൻ രൂപ) നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി. YAB Legal Services സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ഈ വിധിക്ക് വഴിയൊരുക്കിയത്.

2024 മാർച്ച് 18-നാണ് സംഭവം. ദുബായിലെ ട്രിപ്പോളി സ്ട്രീറ്റിൽ വെച്ച് അലി റസ ആശിഖ് അലി ഓടിച്ചിരുന്ന മോട്ടോർസൈക്കിൾ അപകടത്തിൽപ്പെടുകയായിരുന്നു. അൽ റബാത്ത് സ്ട്രീറ്റിൽ നിന്ന് അൽ വർഖയിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തിന്റെ മോട്ടോർസൈക്കിൾ അശ്രദ്ധമായ ഡ്രൈവിംഗ്, ശ്രദ്ധയില്ലായ്മ, പെട്ടെന്നുള്ള ദിശാമാറ്റം എന്നിവ കാരണം മറിയുകയായിരുന്നു. അപകടത്തിൽ അലി റസയുടെ ഇടത് കൈക്ക് പരിക്കേറ്റു. എന്നാൽ, മോട്ടോർസൈക്കിളിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല.

ഈ സംഭവത്തിൽ ആരും ഇരയായിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ ക്രിമിനൽ കേസ് തള്ളിയിരുന്നു. എന്നിരുന്നാലും, പരിക്കുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അലി റസ ആശിഖ് അലി YAB Legal Services സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ സ്വന്തം വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

അപകട റിപ്പോർട്ടിന്റെ പകർപ്പ്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ ബില്ലുകൾ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചു. വാദങ്ങൾ കേട്ട ശേഷം, അലി റസ ആശിഖ് അലിയുടെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി 30,000 ദിർഹം നഷ്ടപരിഹാരവും, 3856 ദിർഹം മെഡിക്കല്‍ എക്‌സ്‌പെന്‍സായും നൽകണമെന്ന് കോടതി ഉത്തരവിട്ടു.