വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസിക്ക് 30,000 ദിർഹം നഷ്ടപരിഹാരം
വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസിക്ക് 30,000 ദിർഹം നഷ്ടപരിഹാരം


അൽ-ഐൻ: വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിക്ക് അൽ-ഐൻ കോടതി 30,000 ദിർഹം (ഏകദേശം 22.8 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം വിധിച്ചു.
2024 മെയ് 1-ന് അൽ-ഐനിലെ സെയ്ഹ് ബിൻ അമ്മർ പ്രദേശത്താണ് അപകടം നടന്നത്. ഇറാഖ് സ്വദേശിനി ഓടിച്ച വാഹനം, ഇബ്‌റാർ ഹുസ്സൈൻ മുഹമ്മദ് യൂനിസ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ശ്രദ്ധയും മുൻകരുതലും ഇല്ലാതെ ഇറാഖി സ്വദേശിനി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇബ്‌റാറിനെ ഉടൻ തന്നെ അൽ-തവാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ട്, കാൽപ്പാദം, സന്ധികൾ എന്നിവിടങ്ങളിൽ ഇദ്ദേഹത്തിന് സാരമായ പരിക്കേൽക്കുകയും ചികിത്സ തേടുകയും ചെയ്തു.
അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് ഇറാഖി സ്വദേശിനിക്കെതിരെ അൽ-ഐൻ ക്രിമിനൽ കോടതി 3,000 ദിർഹം പിഴ ചുമത്തിയിരുന്നു.
തുടർന്ന്, പരിക്കേറ്റ ഇബ്‌റാറിന് നഷ്ടപരിഹാരം തേടി ബന്ധുക്കൾ YAB ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും അദ്ദേഹം കേസ് ഏറ്റെടുക്കുകയും ചെയ്തു. മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസിന്റെ വിധിന്യായം, വ്യക്തമായ വാദങ്ങൾ അടങ്ങിയ മെമ്മോറാണ്ടം എന്നിവ സഹിതം അദ്ദേഹം സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
വാദങ്ങൾ പരിഗണിച്ച കോടതി, ഇറാഖ് സ്വദേശിനിയുടെ വാഹനത്തിന്റെ ഇൻഷൂറൻസ് കമ്പനി താഴെ പറയുന്ന തുകകൾ നൽകണമെന്ന് ഉത്തരവിട്ടു:
കോടതി ഉത്തരവനുസരിച്ച്, പരിക്കേറ്റ വ്യക്തിക്ക് പ്രധാന നഷ്ടപരിഹാരമായി 30,000 ദിർഹം നൽകണം. ഇതിനുപുറമെ, ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 4,107 ദിർഹമും അനുവദിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി, വിധി പ്രഖ്യാപിച്ച തീയതി മുതൽ നഷ്ടപരിഹാരത്തുക പൂർണ്ണമായി അടച്ചുതീർക്കുന്നത് വരെ, മൊത്തം തുകയ്ക്ക് 5% പലിശ നിരക്കിൽ ഇൻഷൂറൻസ് കമ്പനി നൽകണമെന്നും കോടതി നിഷ്‌കർഷിച്ചു.
