വാഹനാപകടത്തിൽ അഫ്ഗാൻ പൗരന് 30,000 ദിർഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

വാഹനാപകടത്തിൽ അഫ്ഗാൻ പൗരന് 30,000 ദിർഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

11/26/2025

അജ്മാൻ: യു.എ.ഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ അഫ്ഗാനിസ്ഥാൻ പൗരനായ സറീൻ മുഹമ്മദ് ഉമറിന് (ZAREEN MOHAMMAD UMER) 30,000 ദിർഹം (ഏകദേശം 5,40,000 അഫ്ഗാൻ അഫ്ഗാനി) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇൻഷുറൻസ് തർക്ക പരിഹാര കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

2024 ജനുവരി 26-ന് അജ്മാനിലെ അൽ ഹുമൈദിയ 1-ലാണ് അപകടം നടന്നത്. അൽ മർസ കഫ്തീരിയക്ക് സമീപം വെച്ച്, ഇമാറാത്തി സ്വദേശിനിയായ വനിത ഓടിച്ചിരുന്ന കാർ റോഡിന് കുറുകെ ഒരു പൂച്ചയോ മറ്റ് ജീവിയോ കടന്നുപോയതിനെ തുടർന്ന് പെട്ടെന്ന് ഇടത്തേക്ക് തിരിയുകയും, റോഡിന് പുറകിലുള്ള മണൽ നിറഞ്ഞ സ്ഥലത്ത് നിന്നിരുന്ന സറീൻ മുഹമ്മദ് ഉമറിനെ ഇടിക്കുകയുമായിരുന്നു.

അപകടത്തിൽ സറീൻ ഉമറിന് അരക്കെട്ടിനും നട്ടെല്ലിനും സാരമായി പരിക്കേറ്റു. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ അപകടത്തിന് കാരണക്കാരിയായ ഇമാറാത്തി വനിത തെറ്റുകാരിയാണെന്ന് കണ്ടെത്തുകയും ക്രിമിനൽ കേസിൽ അവർക്ക് പിഴ ചുമത്തുകയും ചെയ്തു.

പരിക്കേറ്റ സറീനിന്റെ ബന്ധുക്കൾ സഹായത്തിനായി YAB Legal Services സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. ക്രിമിനൽ കേസിന്റെ വിധി, അപകട റിപ്പോർട്ട്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രസീതുകൾ തുടങ്ങിയ ആവശ്യമായ എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചു. ശാരീരിക നാശനഷ്ടം, ജോലി നഷ്ടപ്പെട്ടതിലൂടെയുണ്ടായ വരുമാനം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ ചികിത്സാ ചെലവുകൾ എന്നിവയ്ക്കാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

വാദങ്ങൾ പൂർണ്ണമായി പരിഗണിച്ച ഇൻഷുറൻസ് തർക്ക പരിഹാര കോടതി, ആകെ 30,000 ദിർഹം നഷ്ടപരിഹാരമായി നൽകാനും, മെഡിക്കൽ ചെലവുകൾക്കായി 3,856 ദിർഹം, കൂടാതെ വക്കീൽ ഫീസായി 500 ദിർഹം എന്നിവ നൽകാനും ഉത്തരവിട്ടു..

കൂടാതെ, വിധി വന്ന തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ 5% പലിശയും ഇൻഷുറൻസ് കമ്പനി നൽകേണ്ടതുണ്ട്.