റാസൽഖൈമ വാഹനാപകടം: മരിച്ച പാകിസ്താൻ യുവാവിന്റെ കുടുംബത്തിന് 3.20 ലക്ഷം ദിർഹം നഷ്ടപരിഹാരം
റാസൽഖൈമ വാഹനാപകടം: മരിച്ച പാകിസ്താൻ യുവാവിന്റെ കുടുംബത്തിന് 3.20 ലക്ഷം ദിർഹം നഷ്ടപരിഹാരം


ഷാര്‍ജ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാകിസ്താൻ സ്വദേശി മുഹമ്മദ് അർസലാൻ മുഹമ്മദ് മുഖ്താറിന്റെ (23) കുടുംബത്തിന് 3.20 ലക്ഷം ദിർഹം (ഏകദേശം 2.40 കോടി പാകിസ്താൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു. ദിയാമണിയും (ബ്ലഡ് മണി) കോടതി വിധിച്ച അധിക നഷ്ടപരിഹാര തുകയും ഉൾപ്പെടെയാണിത്.
2024 ജനുവരി 7-ന് റാസൽഖൈമയിലെ അൽ ജസീറ അൽ ഹംറയിലായിരുന്നു അപകടം. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച പ്രതിയുടെ വോൾസ്‌വാഗൺ കാർ അർസലാന്റെ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അർസലാൻ റാസൽഖൈമ സഖർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ജനുവരി 14-നാണ് മരണപ്പെട്ടത്.
മരണപ്പെട്ട അർസലാന്റെ ബന്ധുക്കൾ യു.എ.ഇ യിലെ പ്രമുഖ നിയമസഹായ സ്ഥാപനമായ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും അദ്ദേഹം കേസ് ഏറ്റെടുക്കുകയുമായിരുന്നു. കൃത്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകളും മെമ്മോറാണ്ടവും ഉൾപ്പെടെയുള്ള രേഖകൾ സഹിതം ശക്തമായ വാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്.
മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച പ്രതിക്ക് ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദിർഹം പിഴയും ശിക്ഷ വിധിച്ചതിനൊപ്പം, മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം ദിയാമണി (ബ്ലഡ് മണി) നൽകാനും ഉത്തരവിട്ടു. തുടർന്ന് ദിയാമണിക്ക് പുറമെ അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇൻഷുറൻസ് തർക്കപരിഹാര കോടതിയിൽ നൽകിയ കേസിൽ 60,000 ദിർഹം കൂടി അനുവദിച്ചു. എന്നാൽ ഈ തുക അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ട യാബ് ലീഗൽ സർവീസിലെ അഭിഭാഷകർ അപ്പീൽ നൽകുകയും, ഇത് പരിഗണിച്ച അപ്പീൽ കോടതി നഷ്ടപരിഹാര തുക 1.20 ലക്ഷം ദിർഹമായി ഉയർത്തി വിധി പ്രസ്താവിക്കുകയും ചെയ്തു. ഇതോടെ ദിയാമണിയായ 2 ലക്ഷം ദിർഹവും കോടതി വിധിച്ച 1.20 ലക്ഷം ദിർഹവും ചേർത്ത് ആകെ 3.20 ലക്ഷം ദിർഹം അർസലാന്റെ കുടുംബത്തിന് ലഭിച്ചു.
23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അർസലാന്റെ ഏക ആശ്രയം മാതാപിതാക്കളായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായ മകനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഈ നിയമപോരാട്ടം വലിയ ആശ്വാസമായി.
