ദുബായില്‍ ബൈക്ക് അപകടം: പാകിസ്താന്‍ സ്വദേശിക്ക് 34 ലക്ഷം പാകിസ്താന്‍ രൂപ നഷ്ടപരിഹാരം

ദുബായില്‍ ബൈക്ക് അപകടം: പാകിസ്താന്‍ സ്വദേശിക്ക് 34 ലക്ഷം പാകിസ്താന്‍ രൂപ നഷ്ടപരിഹാരം

7/28/2025

ദുബായ്: ദുബായില്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ പാകിസ്താന്‍ സ്വദേശി വാജിദ് മുസഫര്‍ ഖാന്‍ ഹാജിക്ക് 40,000 ദിര്‍ഹം നഷ്ടപരിഹാരവും 4,100 ദിര്‍ഹം ചികിത്സാച്ചെലവായും നല്‍കാന്‍ കോടതി വിധി. യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ഈ വിധിക്ക് വഴിയൊരുക്കിയത്. ഇത് ഏകദേശം 34 ലക്ഷം പാകിസ്താന്‍ രൂപയ്ക്ക് തുല്യമാണ്.

2024 മെയ് 12-നാണ് സംഭവം. ദുബായിലെ ബുര്‍ജ് ഖലീഫ സ്ട്രീറ്റിലുള്ള ബിസിനസ് ബേ ഏരിയയില്‍ വെച്ച് വാജിദ് ഓടിച്ചിരുന്ന മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഒരു കമ്പനിയിലെ ഡെലിവറി സ്റ്റാഫായ വാജിദ്, റൗണ്ട് എബൗട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ദിശാമാറ്റം കാരണം ബൈക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് വലത് തോളിനും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേറ്റു. ഉടന്‍തന്നെ ആംബുലന്‍സില്‍ ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

അപകടത്തെക്കുറിച്ച് വാജിദ് പോലീസിന് നല്‍കിയ മൊഴിയില്‍, റൗണ്ട് എബൗട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ വലത് വശത്ത് നിന്ന് വന്ന ഒരു വാഹനം പിന്നില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു എന്നാണ്. എന്നാല്‍, കേസിന്റെ രേഖകളും വിവരങ്ങളും, അപകടത്തിന്റെ രൂപരേഖ, പോലീസ് റിപ്പോര്‍ട്ട്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊതുറോഡില്‍ ആവശ്യമായ ശ്രദ്ധയും സൂക്ഷ്മതയില്ലാതെയും ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. ഈ കേസില്‍ വാജിദിന് 1000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു.

തന്റെ ഭാഗത്താണ് തെറ്റെന്ന് പോലീസ് കണ്ടെത്തിയതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹനല്ലെന്ന് പലരും വാജിദിനോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. സലാം പാപ്പിനിശ്ശേരി കേസ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.

അപകട റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, ക്രിമിനല്‍ കേസ് വിധി, ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ട്, പേയ്‌മെന്റ് രസീതുകള്‍ എന്നിവ ഉള്‍പ്പെടുന്ന രേഖകള്‍ സഹിതം വാജിദിന്റെ മോട്ടോര്‍ ബൈക്കിന്റെ ഇന്‍ഷൂറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കി ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

തെറ്റ് വാജിദിന്റെ ഭാഗത്താണെന്നും അതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹനല്ലെന്നും ഇന്‍ഷൂറന്‍സ് കമ്പനി വാദിച്ചെങ്കിലും, സമര്‍പ്പിക്കപ്പെട്ട കൃത്യമായ മറുപടി മെമ്മോറാണ്ടം പരിഗണിച്ച് കോടതി വാജിദിന് 40,000 ദിര്‍ഹം നഷ്ടപരിഹാരമായും 4,100 ദിര്‍ഹം മെഡിക്കല്‍ ചെലവായും നല്‍കാന്‍ വിധിക്കുകയായിരുന്നു.