ഷാർജ വാഹനാപകടം: ഗുലാം മുസ്തഫ മാലികിന് 35 ലക്ഷം പാകിസ്താൻ രൂപ നഷ്ടപരിഹാരം

ഷാർജ വാഹനാപകടം: ഗുലാം മുസ്തഫ മാലികിന് 35 ലക്ഷം പാകിസ്താൻ രൂപ നഷ്ടപരിഹാരം

7/3/2025

ഷാർജ: ഷാർജയിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി ഗുലാം മുസ്തഫ മാലികിന്, YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ 35 ലക്ഷം പാകിസ്താൻ രൂപ (നാൽപത്തി അയ്യായിരം ദിർഹംസ്) നഷ്ടപരിഹാരമായി ലഭിക്കാൻ കോടതി വിധി.

2023 നവംബർ 12-നാണ് അപകടം നടന്നത്. ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പ്രധാന കവാടത്തിൽ നിന്ന് എതിർവശത്തുള്ള റൗണ്ട് എബൗട്ടിലേക്ക് വരികയായിരുന്ന ഡൽഹി സ്വദേശിയുടെ വാഹനം, ബൈറൂണി റെസിഡൻസി ഭാഗത്തിലൂടെ വരികയായിരുന്ന ഗുലാം മുസ്തഫയുടെ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ശ്രദ്ധക്കുറവും ട്രാഫിക് നിർദേശം പാലിക്കാത്തതും കാരണം, റൗണ്ട് എബൗട്ടിൽ മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പിക്കാതെ ഡൽഹി സ്വദേശി റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമെന്ന് കോടതി കണ്ടെത്തി. അക്കാരണത്താൽ അദ്ദേഹത്തിന് ആയിരം ദിർഹം ഫൈൻ ചുമത്തി കോടതി വിട്ടയച്ചു.

അപകടത്തെ തുടർന്ന് ഗുലാം മുസ്തഫക്ക് വലത് കാലിനും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും സാരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തെ അൽ ഖാസിമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പിന്നീട് നഷ്ടപരിഹാര കേസ് ചെയ്യുന്നതിനായി ഗുലാം മുസ്തഫയും ബന്ധുക്കളും YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള അഭിഭാഷകർ കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ രേഖകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

രേഖകൾ വിശദമായി പരിശോധിച്ച കോടതി, ഗുലാം മുസ്തഫ മാലിക്ന് 35 ലക്ഷം പാകിസ്താൻ രൂപ (നാൽപത്തി അയ്യായിരം ദിർഹംസ്) നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.