വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം
വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം


അൽ ഐൻ: അൽ ഐനിലെ നഹൽ സ്ട്രീറ്റിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി ഷിഹാബ് പാങ്കുഴിയിൽ മുഹമ്മദ് കുട്ടിക്ക് 150,000 ദിർഹംസ് (ഏകദേശം 35 ലക്ഷത്തി പതിനെട്ടായിരം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിക്കാൻ കോടതി വിധി. YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലിലൂടെയാണ് ഈ തുക നഷ്ടപരിഹാരമായി ലഭിക്കുന്നത്.
2024 ജനുവരി 5 വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അൽ ഐനിലെ നഹൽ സ്ട്രീറ്റിൽ വെച്ച് ഒരു എമിറാത്തി സ്വദേശി ഓടിച്ചിരുന്ന നിസ്സാൻ പട്രോൾ, ഷിഹാബ് ഓടിച്ചിരുന്ന ടൊയോട്ട കൊറോള കാറിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ ഷിഹാബിന്റെ തലക്കും നെഞ്ചിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ അദ്ദേഹത്തെ തവാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
എമിറാത്തി സ്വദേശിയുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടർന്ന്, ഇദ്ദേഹത്തിന് 3000 ദിർഹംസ് പിഴ ചുമത്തിയിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റിട്ടും ഷിഹാബിന് തുടക്കത്തിൽ നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് അദ്ദേഹം YAB ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്.
കേസ് ഏറ്റെടുത്ത സലാം പാപ്പിനിശ്ശേരി, ആവശ്യമായ നിയമനടപടികൾ ആരംഭിച്ചു. അപകട റിപ്പോർട്ടിന്റെ പകർപ്പ്, ക്രിമിനൽ കേസ് വിധി, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ രസീതുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സഹിതം ഇൻഷുറൻസ് അതോറിറ്റിയിൽ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. രേഖകൾ വിശദമായി പരിശോധിച്ച കോടതി, എമിറാത്തി സ്വദേശിയുടെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി ഷിഹാബിന് 150,000 ദിർഹംസ് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു. എന്നാല്‍ വിധിച്ച തുക അധികമാണെന്ന വാദവുമായി ഇന്‍ഷൂറന്‍സ് കമ്പനി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളുകയാണുണ്ടായത്.