ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശിക്ക് 3.5 ലക്ഷം ദിർഹം (1.39 കോടി നേപ്പാളി രൂപ) നഷ്ടപരിഹാരം

ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശിക്ക് 3.5 ലക്ഷം ദിർഹം (1.39 കോടി നേപ്പാളി രൂപ) നഷ്ടപരിഹാരം

2/12/2026

ഷാർജ: ഷാർജ അൽ ദൈദിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേപ്പാൾ സ്വദേശി നാരായണൻ ഭട്ടാരായിക്ക് 3,50,000 ദിർഹം ( 1.39 കോടി നേപ്പാളി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. നഷ്ടപരിഹാര തുകയ്ക്ക് പുറമെ, ചികിത്സാ ചെലവിലേക്കായി 4100 ദിർഹവും അഡ്വക്കറ്റ് ഫീസായി 500 ദിർഹവും ഇൻഷുറൻസ് കമ്പനി നൽകണം. വിധി വന്ന ദിവസം മുതൽ തുക പൂർണ്ണമായി നൽകുന്നത് വരെ 5 ശതമാനം പലിശയും വാദിക്ക് ലഭിക്കും.

2024 മെയ് 23-നാണ് അപകടം നടന്നത്. അൽ ദൈദിൽ വെച്ച് സീബ്രാ ക്രോസിംഗ് അല്ലാത്ത സ്ഥലത്തു കൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന നാരായണനെ ഇമാറാത്തി സ്വദേശി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ നാരായണന്റെ തലയ്ക്കും, വലതുകാലിനും, വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചുകടന്നതിൽ നാരായണന്റെ ഭാഗത്തും അശ്രദ്ധയുണ്ടായതിനാൽ ക്രിമിനൽ കോടതിയിൽ ഡ്രൈവർക്കും നാരായണനും 1000 ദിർഹം വീതം പിഴ ചുമത്തിയിരുന്നു.

അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നാരായണന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ച് നിയമസഹായം തേടുകയായിരുന്നു. അദ്ദേഹം കേസ് ഏറ്റെടുക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ക്രിമിനൽ കേസ് വിധി, വ്യക്തമായ വാദങ്ങൾ അടങ്ങിയ മെമ്മോറാണ്ടം എന്നിവ സഹിതം ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

ഇൻഷുറൻസ് തർക്ക പരിഹാര കോടതിയുടെ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും, യാബ് ലീഗൽ സർവീസസിന്റെ ശക്തമായ വാദങ്ങളെത്തുടർന്ന് കോടതി അപ്പീലുകൾ തള്ളുകയും നാരായണന് അനുകൂലമായ വിധി ശരിവെക്കുകയുമായിരുന്നു.